ദേശീയ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമി
![](https://irinjalakuda.news/wp-content/uploads/2025/02/CHRIST-TABLE-TENNIES-1024x568.jpg)
ക്രൈസ്റ്റ് ഗോസിമാ റേസേഴ്സ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ താരങ്ങള്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനൊപ്പം.
ഇരിങ്ങാലക്കുട: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദേശീയ ടേബിള്‍ ടെന്നീസ് മത്സരത്തിന് ഒരുങ്ങി ക്രൈസ്റ്റ് ഗോസിമാ റേസേഴ്സ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ താരങ്ങള്‍. ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി കേരളത്തിലെ തന്നെ മികച്ച പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച വിജയമാണ് അക്കാദമി ഈ വര്‍ഷം നേടിയെടുത്തത്. സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ടീം ഇനത്തില്‍ മൂന്ന് സ്വര്‍ണവും രണ്ടു വെള്ളിയും ആണ്‍ക്കുട്ടികളുടെ ടീം ഇനത്തില്‍ രണ്ട് വെങ്കലവും നേടിയെടുത്തു. ഈ വര്‍ഷത്തെ സംസ്ഥാന ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ട ടിയാ എസ് മുണ്ടന്‍കുര്യന്‍,ഹെലന് നിജോ എന്നിവര്‍ അക്കാദമിയിലെ വരും പ്രതീക്ഷകളാണ്.
ഇരുപതോളം താരങ്ങളാണ് ഈ വര്‍ഷം വിവിധ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയിട്ടുള്ളത്. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 60 ഓളം കളിക്കാരാണ് ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പരിശീലനത്തിന് എത്തുന്നത്. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയി ആലപ്പാട്ട്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. കെ.എം. സെബാസ്റ്റ്യന്‍ എന്നിവരാണ് അക്കാദമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മിഥുന് ജോണി, ആദര്‍ശ് ടോം എന്നിവരാണ് അക്കാദമിയിലെ പരിശീലകര്‍.