കൂത്തുമാക്കല്‍ ഷട്ടര്‍ തുറന്നു; ഷണ്മുഖം കനാലില്‍ ഉപ്പുവെള്ളം കയറി
കാക്കാത്തുരുത്തി കൂത്തുമാക്കല്‍ റെഗുലേറ്റര്‍.
എടതിരിഞ്ഞി: കര്‍ഷകരറിയാതെ അപ്രതീക്ഷിതമായി കൂത്തുമാക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതോടെ കെ.എല്‍.ഡി.സി. കനാലിലൂടെ ഷണ്മുഖംകനാലില് ഉപ്പുവെള്ളം കയറി. ഇത് സമീപ പ്രദേശത്തെ നെല്‍കൃഷിക്കും കിണറുകളിലെ ശുദ്ധജലത്തിനും ഭീഷണിയായി. പോത്താനി അടക്കമുള്ള പാടശേഖരങ്ങളിലും പ്രദേശങ്ങളിലുമാണ് ഉപ്പുവെള്ള ഭീഷണി. കനോലികനാലിലേക്ക് ശുദ്ധജലം ഒഴുക്കിവിടാന്‍ വേണ്ടി പ്രദേശത്തെ പ്രധാന സ്രോതസ്സായ കെഎല്‍ഡിസി കനാലിന്റെ കൂത്തുമാക്കല്‍ ഷട്ടര്‍ തുറന്ന് വെച്ചതാണ് ഉപ്പുവെള്ളം കയറാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
നേരത്തെ കൃഷിയിറക്കി കൊയ്യാറായ പാടശേഖരങ്ങളുടെ ആവശ്യപ്രകാരമാണ് ഇറിഗേഷന്‍ ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ അതിശക്തമായ വേലിയേറ്റമുള്ള സമയത്ത് തുറന്നതിനാല്‍ ശുദ്ധജലം ഒഴുകിപ്പോകുന്നതിന് പകരം കനോലികനാലില്നിന്ന് ഉപ്പുവെള്ളം കെഎല്‍ഡിസി കനാലിലേക്ക് എത്തുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. മാര്‍ച്ച് അവസാനത്തോടെയാണ് ഈ പ്രദേശത്തെ പാടശേഖരങ്ങളില്‍ കൊയ്ത്ത് നടക്കുകയുള്ളു.
അതുവരെ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്നതിനും കെഎല്‍ഡിസി കനാലില്‍ വെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും ഫെബ്രുവരി മുതലേ കിണറുകളില്‍ ഓരുവെള്ളം നിറയുന്നതിനാല്‍ ജലക്ഷാമം രൂക്ഷമാകും. ഇതിന് പരിഹാരമായിട്ടാണ് ഷണ്മുഖംകനാലില് വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ മുടക്കി പുളിക്കെട്ട് കെട്ടുന്നതും കെഎല്‍ഡിസി കനാലിലെ വെള്ളം സംഭരിച്ച് ആവശ്യാനുസരണം ഷണ്മുഖം കനാലിലേക്ക് ഫാം തോട് വഴി നിറയ്ക്കുന്നതും. എന്നാല്‍ ഇതുവരെ ഫാം തോടിന്റെ ഷട്ടറുകള്‍ തുറന്നിട്ടില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു