ആടിത്തിമിര്‍ത്ത് കാവടികൂട്ടങ്ങള്‍; ഇരിങ്ങാലക്കുടയെ വര്‍ണാഭമാക്കി വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം

ഇരിങ്ങാലക്കുട: പൂക്കാവടികള്‍ക്കും പീലിക്കാവടികള്‍ക്കും നിലക്കാവടികള്‍ക്കും ഒപ്പം സ്പെഷല്‍ കാവടികളും വാദ്യഘോഷ അകമ്പടിയില്‍ വീഥികളില്‍ നൃത്തംവച്ചതോടെ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം വര്‍ണാഭമായി. ക്ഷേത്രം മേല്‍ശാന്തി മണിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെനടന്ന വിശേഷാല്‍പൂജകള്‍ക്കുശേഷം രാവിലെ എട്ടുമണിയോടുകൂടി പ്രാദേശിക ഉത്സവാഘോഷ വിഭാഗങ്ങളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നിവിടങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കാവടിവരവ് ആരംഭിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പൂക്കാവടികളും ഭസ്മക്കാവടികളുമായാണ് പ്രാദേശികവിഭാഗക്കാര് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.
നിശ്ചലദൃശ്യങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഉച്ചയ്ക്ക് മൂന്നോടെ കാവടിയാട്ടം സമാപിച്ചു. രാവിലെ ഒമ്പതുമുതല്‍ 11 വരെയും വൈകീട്ട് 3.30 മുതല്‍ ഏഴുവരെ കാഴ്ചശീവേലി പൂരം എഴുന്നള്ളിപ്പ്. 3.30 മുതല്‍ എഴുവരെ നടക്കുന്ന പൂരത്തിന് ചേരാനെല്ലൂര്‍ രഘുമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് വര്‍ണമഴ. രാത്രി 8.30ന് പള്ളിവേട്ട. വൈകീട്ട് ഏഴിന് നാടകമത്സരങ്ങളുടെ സമാപനംനടക്കും. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ അധ്യക്ഷതവഹിക്കും. എസ്എന്‍വൈഎസ് സമാജം പ്രസിഡന്റ് പ്രസൂണ്‍ പ്രവി ചെറാക്കുളം, ക്ഷേത്രംശാന്തി അഖില്‍ ശാന്തി, എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, സമാജം ജോയിന്റ് സെക്രട്ടറി ദിനേഷ് എളന്തോളി, കമ്മിറ്റിയംഗം കുമാരി ഭദ്ര മച്ചാട്ട് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുമാരി വൈഗ സജീവ് കല്ലട അവതരിപ്പിക്കുന്ന കുച്ചുപ്പുടി അരങ്ങേറും.
