കാനകളില്‍ മാലിന്യം നിറയുന്നു, നഗരം പകര്‍ച്ച വ്യാധികളുടെ ഭീഷണിയില്‍

ഇരിങ്ങാലക്കുട രാമന്ചിറതോട്ടില് ചെടികള്‍ വളര്‍ന്ന് നീരൊഴുക്ക് തടസപ്പെട്ടനിലയില്.
ഇരിങ്ങാലക്കുട: ടൗണിലെ പല തോടുകളിലും നിറയെ മാലിന്യം കെട്ടി കിടക്കുകയാണ്. തോടിനു പരിസരത്തെ കിണറുകളിലെ വെള്ളം മലിനമായിരിക്കുന്നു. വെള്ളം ഒഴുകിപോകേണ്ട തോടുകളില്‍ പലയിടത്തും കാടുകയറി കിടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസമായി. രാമന്‍ചിറ തോട്ടില്‍ മാലിന്യത്തിനു പുറമേ കാടും പടലും വര്‍ന്നിരിക്കുന്നത് നീരൊഴുക്കിന് തടസമായി.
ആദ്യകാലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളാണ് തോടുകള്‍ വൃത്തിയാക്കിയത്. ഇഴജന്തുക്കളുടെ ശല്യം ഏറിയതിനാലും കുപ്പിച്ചില്ലു തുടങ്ങിയ വസ്തുക്കള്‍ തോട്ടില്‍ ഉണ്ടാകാറുള്ളതിനാലും തോടു വൃത്തിയാക്കുവാന്‍ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കാറില്ല. തോടുകള്‍ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടെങ്കിലും കാനകള്‍ക്കിരുവശവും വലിയ ഉയരത്തില്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തിയത് ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഇറക്കിയുള്ള വൃത്തിയാക്കല്‍ ഇപ്പോള്‍ പലയിടത്തും സാധ്യമല്ലാതായിരിക്കുകയാണ്.
കാനകളിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. പൊറത്തൂച്ചിറ മലിനമായതോടെയായിരുന്നു ഈ നടപടി. എന്നാല്‍ മറ്റു പല തോടുകളിലും ഇതുതന്നയാണ് സ്ഥിതി. ആരോഗ്യവിഭാഗം ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. മാത്രവുമല്ല എലികളുടെയും ഇഴജന്തുക്കളുടെയും ആവസകേന്ദ്രവുമാണ് ടൗണിലെ പല കാനകളും. ചെറിയതോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന കാനകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യം കുമിഞ്ഞുകൂടി കുപ്പത്തൊട്ടിയായിമാറിയ സ്ഥിതിയാണ് ടൗണിലെ പല തോടുകളും.