ഓണ്‍ലൈന്‍ വഴി യുവതിക്ക് കല്യാണാലോചന, സഹോദരിയായി എത്തിയത് ഭാര്യ, 25 ലക്ഷം തട്ടിയ ദമ്പതിമാര്‍ക്കെതിരെ കേസെടുത്തു

കേസില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പോലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുര്‍ത്തി പറമ്പില്‍ അന്‍ഷാദ് മഹ്സില്‍, ഇയാളുടെ ഭാര്യ നിത അന്‍ഷാദ് എന്നിവര്‍ക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കേസില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രവാസിയായ യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പേര് തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. പുനര്‍ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളെ ആള് മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരി സ്വദേശിയായ യുവതി 2022 ലാണ് പുനര്‍ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.
ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ പരിചയപ്പെടുകയും ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. ആദ്യ ഭാര്യയുടെ അവിഹത ബന്ധം കാരണം 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ വിവാഹ മോചിതന്‍ ആയതാണെന്നും വിവാഹത്തില്‍ മക്കള്‍ ഇല്ലെന്നും പരാതിക്കാരിയെയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഷാര്‍ജയില്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നാണ് പ്രതി അവകാശപ്പെട്ടത്.
ഫഹദ് വിദേശത്തു ആയതിനാല്‍ കല്യാണം ഉറപ്പിക്കാനായി ഭാര്യ നിതയെ സഹോദരിയായി ആള്‍മാറ്റം നടത്തിയാണ് പരാതിക്കാരിക്കു പരിചയപ്പെടുത്തിയത്. നിതയും മറ്റൊരാളും വീട്ടില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ അന്‍ഷാദ് ആവശ്യപ്പെട്ടത് എയര്‍പോര്‍ട്ടില്‍ എമിഗ്രേഷനില്‍ പോലീസ് പിടിച്ചെന്നും, ചെക്ക് കേസുള്ളതിനാല്‍ നാട്ടില്‍ വരാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു വീണ്ടും പണം ആവശ്യപ്പെട്ടു.
നാട്ടിലെത്തിയാല്‍ പണം തിരിച്ച് നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. അന്‍ഷാദ് മഹ്സില്‍ എന്നയാളുടെ അക്കൗണ്ട് നമ്പറിലാണ് പണം കൈപ്പറ്റിയത്. പിന്നീട് ദുബായില്‍ പോലീസിന്റെ പിടിയിലായെന്നും ജയിലിലാണെന്നും തെറ്റിദ്ധരിപ്പിച്ചു. ഈ സമയം അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരണങ്ങള്‍ പുറത്ത് വരുന്നത്.
അന്‍ഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്പതികള്‍ക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ അന്‍ഷാദ് പല പേരുകളില്‍ മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. കേസില്‍ അന്‍ഷാദ് ഒന്നാം പ്രതിയും ഭാര്യ നിതയും രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതി അന്‍ഷാദ് വിദേശത്തായതിനാല്‍ അയാള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു.