കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി

സുധിന്‍, അജീഷ്.
ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ടകളായ കരുവന്നൂര്‍ സ്വദേശി മുരിങ്ങത്ത് വീട്ടില്‍ സുധിന്‍ (28) കാട്ടൂര്‍ കരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടില്‍ അജീഷ് (32) എന്നിവരെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്തി. സുധിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ല്‍ ഒരു അടിപിടി കേസും, 2024 ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമ കേസും അടക്കം മൂന്ന് ക്രിമിനല്‍ കേസിലെ പ്രതിയാണ്.
അജീഷിന് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ 2024 ല്‍ വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസും സിപിഐ യുടെ പഴുവില്‍ വെസ്റ്റ് ദേശത്തെ ലോക്കല്‍ കമ്മിറ്റി ഓഫീസ് തല്ലി തകര്‍ത്ത് മേശകളും കസേരകളും നശിപ്പിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വരുന്നതിനും പാര്‍ട്ടി ഓഫീസിന്റെ മേശയിലുണ്ടായിരുന്ന 80000 രൂപ എടുത്തു കൊണ്ടു പോയ കേസും വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസുകളിലും പ്രതിയുമാണ്.
തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍ സി.എം. ക്ലീറ്റസ്, ദിനേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ സുധിനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഫെബിന്, രമ്യ എന്നിവര്‍ അജീഷിനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ബി. കൃഷ്ണകുമാര്‍ ഐപിഎസ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 34 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി. 20 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുളള നടപടികള്‍ സ്വീകരിച്ചും 14 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്.