ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടില്‍ സന്ദീപ് (40) നിന്നും 315000 (മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപ) തട്ടിയെടുത്ത്താണ് കേസ്. സംഭവത്തില്‍ തമിഴ്നാട് നെയ്വേലി ഇന്ദിരാനഗര്‍ സ്വദേശി ചന്ദ്രശേഖര്‍ (28) നെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
ഫേസ് ബുക്കിലൂടെ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട് വാട്സ് വാട്ട്സാപ്പ് അകൗണ്ടുകള്‍ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്തു ബന്ധം പുലര്‍ത്തിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. കുവൈറ്റില്‍ ഷെഫായി ജോലി ചെയ്യുന്ന സന്ദീപില്‍ നിന്നും 2023 നവംബര്‍ ആദ്യ വാരം മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവുകളില്‍ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയാണ് തട്ടിപ്പു നടത്തിയത്.
തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തു കൊടുക്കുമ്പോള്‍ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നല്‍കുകയാണ് പതിവ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്.ബി ഡി.വൈ.എസ്.പി എസ്.വൈ സുരേഷ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം ഉല്ലാസ് കുമാര്‍, ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ര്‍ഗ്ഗീസ് അലക്സാണ്ടര്‍, എസ് ഐ മാരായ സൂരജ്, അശോകന്.ടി.എന്‍, സുകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ മനോജ്, അജിത്ത് കുമാര്‍, സച്ചിന്, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രശേഖറിനെ റിമാന്‍ഡ് ചെയ്തു.