കൊടും വേനലിലും കുടിവെള്ളം പാഴാകുന്നു; പൈപ്പ് പൊട്ടല്‍ തുടര്‍കഥ

oplus_2
ഇരിങ്ങാലക്കുട: കൊടും ചൂടില്‍ ഒരിറ്റു വെള്ളത്തിന് ആളുകള്‍ പരക്കം പായുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ കുടിവെള്ള പൈപ്പു പൊട്ടി ജലം പാഴാകുന്നത് തുടര്‍കഥയാകുന്നു. കേടികള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതു മൂലം റോഡുകള്‍ തകരുകയും കാല്നടക്കാരടക്കമുള്ളവരുടെ യാത്ര ദുസഹമാവുകയുമാണ്. ഇന്നലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പൈപ്പു പൊട്ടി വെള്ളം പാഴാകുകയായിരുന്നു. പൈപ്പുകളുടെ ഗുണനിലവാര കുറവാണു പൊട്ടലിനു കാരണമായി പറയുന്നത്. പൈപ്പു പൊട്ടിയാല്‍ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അഥോറിറ്റിയുടെ പ്രധാന വെല്ലുവിളി. റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടല്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഏറെ പ്രയാസം. അത് കണ്ടെത്തി ശരിയാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നത് പതിവാണ്. കാലപ്പഴക്കമാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനു മേല്‍ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാന്‍ കഴിയാതായി. ചന്തകുന്നിനില് നിന്നും ഠാഠാ ജംഗ്ഷനിലേക്കു വരുന്ന വഴിയില്‍ ബിഷപ്പ്സ് ഹൗസ് ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയാവുകയും ഈ കുഴിയില്‍ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ വീഴുകയും അപകടത്തില്‍പ്പെടുകയും ഉണ്ടായി. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ടൗണിലെ പലഭാഗത്തും പൈപ്പ് പൊട്ടുന്നതില്‍ അടിയന്തര ശ്രദ്ധ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.