ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്സെത്താന്‍ വൈകും; കാരണം റോഡിന്റെ ദുരവസ്ഥ

തകര്‍ന്ന് കിടക്കുന്ന ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് റോഡ്.
ഇരിങ്ങാലക്കുട: ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇരിങ്ങാലക്കുടയിലെ ഫയര്സ്റ്റേഷന് റോഡ് തകര്‍ന്ന അവസ്ഥയിലായിട്ട് വര്‍ഷങ്ങളായെങ്കിലും ദുരവസ്ഥ പരിഹരിക്കാന്‍ യാതൊരു നടപടിയുമായില്ലെന്ന് നാട്ടുകാരുടെ പരാതി. അത്യാഹിതത്തില്‍ പെടുന്നവര്‍ക്ക് ഫയര്‍ ഫോഴ്സിന്റെ സേവനം ആവശ്യമായി വരുമ്പോള്‍ തകര്‍ന്ന റോഡിലൂടെ വേണം അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് ഓടിയെത്താന്‍.
ഫയര്‍ സ്റ്റേഷന്, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍, വാട്ടര്‍ അഥോറിറ്റിയുടെ ജലസംഭരണ കേന്ദ്രം, ക്രൈസ്റ്റ് കോളജിന്റെ വനിത ഹോസ്റ്റല്‍. മുക്തിസ്ഥാന്‍ ക്രിമിറ്റോറിയം, ട്രഞ്ചിംഗ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരുടെ ഏക ആശ്രയമാണ് ഈ റോഡ്. സംസ്ഥാനപാതയുടെ നിര്‍മാണം ആരംഭിച്ചത് മുതല്‍ മാപ്രണം സെന്ററിലേക്കും സിവില്‍ സ്റ്റേഷന് ഭാഗത്തേക്കുമെല്ലാം പോകേണ്ടവര്‍ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ നടുവൊടിയാതെ ഇതിലൂടെ സഞ്ചരിക്കുക ദുസഹമാണെന്ന് യാത്രക്കാര്‍ പറയുന്നു.
ഇരിങ്ങാലക്കുടയില്‍ കെഎസ്ടിപിയുടെ സംസ്ഥാനപാത നിര്‍മാണം തുടങ്ങിയതു മുതല്‍ വഴി തിരിച്ചുവിട്ട അമിതഭാഗ വാഹനങ്ങളും ബസുകളുമെല്ലാം നിരന്തരമായി ഈ റോഡിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് റോഡിന്റെ അവസ്ഥ ഇത്രയും മോശമായതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സതി സുബ്രഹ്മണ്യന് പറഞ്ഞു. 12, 23, 36 വാര്‍ഡുകളിലെ റോഡുകളുടെ സ്ഥിതിയാണ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. കൗണ്‍സിലര്‍മാരായ മാര്ട്ടിന് ആലേങ്ങാടന്‍, ജെയ്സണ്‍ പാറേക്കാടന്‍, സതി സുബ്രഹ്മണ്യന് എന്നിവര്‍ സഹകിരച്ച് റോഡ് ടാറിംഗ് നടത്തുന്നതിനായി എസ്റ്റിമേറ്റ് നടപടികള്‍ വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നിലവില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിനാല്‍ ക്രൈസ്റ്റ് ജംഗ്ഷന് മുതല്‍ മാപ്രാണം സെന്റര്‍ വരെയുള്ള കെഎസ്ടിപിയുടെ സംസ്ഥാനപാത നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ റോഡ് ടാറിംഗ് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. എത്രയും വേഗം റോഡ് ടാര്‍ ചെയ്ത് ദുരിത യാത്രയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.