കുപ്രസിദ്ധ ഗുണ്ടകളായ ആറു പേര്‍ക്കെതിരെ കാപ്പ ചുമത്തി നടപടികള്‍ സ്വീകരിച്ചു

ഓപ്പറേഷന് കാപ്പ വേട്ട തുടരുന്നു…
2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 31 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു,
ആകെ 68 ഗുണ്ടകളെ കാപ്പ ചുമത്തി. 37 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികള്‍ സ്വീകരിച്ചു.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലയില്‍ കുപ്രസിദ്ധ ഗുണ്ടകളായ ആറു പേര്‍ക്കെതിരെ കാപ്പ ചുമത്തി നടപടികള്‍ സ്വീകരിച്ചു. മതിലകം പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ പനങ്ങാട് പോഴങ്കാവ് സ്വദേശി ചെന്നാറ വീട്ടില്‍ മുത്തു എന്ന് വിളിക്കുന്ന ധനേഷ് (40) നെ ഒരു വര്‍ഷത്തേക്ക് നാടു കടത്തി. ധനേഷിന് കൊടുങ്ങല്ലൂര്‍, മതിലകം, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലായി മൂന്നു അടിപിടിക്കേസുകളും ഒരു കവര്ച്ചാക്കേസുമുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കയ്പമംഗലം സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ ഷാബിത്ത് എന്ന് വിളിക്കുന്ന ഷാബിദ് (32), ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കരൂപടന്ന സ്വദേശിയായ മാക്കാംതറ വീട്ടില്‍ അമീന് (25) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ഷാബിദിന് മതിലകം, വലപ്പാട്, കൈപ്പമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് അടിപിടിക്കേസുകളും, പോലീസുദ്ദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ട് കേസുകളും, കഞ്ചാവ് വില്പനക്കായി സൂക്ഷിച്ചതിനുള്ള ഒരു കേസും, ലഹരി ഉപയോഗിച്ചതിനുള്ള ഒരു കേസും അടക്കം എട്ട് ക്രിമിനല്‍ കേസുകളുണ്ട്.
അമീനിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രണ്ട് അടിപിടിക്കേസുകളും, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ 2023 ലും 2024 ലും ഓരോ അടിപിടിക്കേസുകളുണ്ട്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റഷന് ഗുണ്ടകളായ ലോകമല്ലേശ്വരം തിരുവള്ളൂര്‍ സ്വദേശി കോറാശ്ശേരി വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന വൈശാഖ് (28) എന്നയാളെയും, ലോകമല്ലേശ്വരം കാരൂര്‍ മഠം സ്വദേശി കുന്നത്ത്പടിക്കല് വീട്ടില്‍ തനു എന്ന് വിളിക്കുന്ന തനൂഫ് (28), കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശിയായ കുതിരപ്പുള്ളി വീട്ടില്‍ തിലേഷ് (40) എന്നിവരെയാണ് കാപ്പ പ്രകാരം ആറ് മാസക്കാലത്തേക്ക് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായിട്ടുള്ളത്.
വൈശാഖിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, നാല് അടിപിടികേസുകളും, പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്പിച്ച ഒരു കേസും, മയക്ക് മരുന്ന് ഉയോഗിച്ചതിനുള്ള ഒരു കേസും അടക്കം ഏഴ് ക്രിമിനല്‍ കേസുകളുണ്ട്. തനൂഫിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, നാല് അടിപിടികേസുകളും, ലഹരി ഉപയോഗിച്ചതിന് മൂന്നു കേസുകളും അടക്കം എട്ട് ക്രമിനല്‍ കേസുകളുണ്ട്. തിലേഷിന് കാട്ടൂര്‍, ഇരിങ്ങാലക്കുട, പഴയന്നൂര്‍, ആലപ്പുഴ രാമങ്കരി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകള്‍, ഏഴ് അടിപിടിക്കേസുകള്‍, ലഹരി ഉപയോഗിച്ചതിന് രണ്ട് കേസുകള്‍, ഒരു തട്ടിപ്പു കേസും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂര്‍ റേഞ്ച് ഡിജിപി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ.രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, മതിലകം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ ഷാജി, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്ത്തികേയന്, അസി. സബ് ഇന്‍സ്പെക്ടര്‍ വിന്‍സി, തോമസ്, കയ്പമംഗലം പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പേലീസ് ഓഫീസര്‍മാരായ ഷിജു, പ്രവീണ്‍ ഭാസ്കര്‍, പരിയ, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍.ബി.കെ, എഎസ്ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പേലീസ് ഓഫീസര്‍ ഷിജു, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന്.എം.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.