ഇടയ്ക്ക കൊട്ടി കയറി, മലയാളത്തിന്റെ സോപാന സംഗീതത്തിലെ വാനമ്പാടി ആശ സുരേഷ്
ആശാ സുരേഷ്
ഇരിങ്ങാലക്കുട: ഇടയ്ക്ക കൊട്ടി പാടുന്ന സോപാനസംഗീതത്തിന്റെ സൗന്ദര്യത്തെ വാനോളം ഉയര്‍ത്തി ഒരു പെണ്‍കുട്ടി കേരളത്തിന്റെ താരമാകുന്നു. പുരുഷന്മാരുടെ അധീനതയിലായിരുന്ന സോപാനസംഗീതവേദിയില്‍, ഇടയ്ക്കയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ആശ സുരേഷിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സോപാനസംഗീത അവതരണത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ മിടുക്കി സൃഷ്ടിച്ചത്.
കുട്ടിയായിരിക്കുമ്പോഴാണ് ആദ്യം ഇടയ്ക്ക കണ്ടത്. ഒന്നു കൊട്ടി നോക്കാമെന്നായി. കൊട്ടി നോക്കിയപ്പോള്‍ ഇഷ്ടമായി. ഇടയ്ക്കിടയ്ക്കു പോര എപ്പോഴും കൊട്ടണമെന്നായി. അതോടെ സോപാന സംഗീതത്തിലെ അപൂര്‍വ സ്ത്രീസാന്നിദ്ധ്യമായി മാറി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം പേഷ്കാര്റോഡില് മര്‍ച്ചെന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന വെളുത്താട്ടില്‍ സുരേഷ്കുമാറിന്റെയും മുന്‍ നഗരസഭാ കൗണ്‍സിലര്‍ രാജിയുടെയും മകള്‍ ആശ. ഏഴാം വയസില്‍ ഇടയ്ക്ക വാദനത്തിലെ പ്രശസ്തന്‍ ഇരിങ്ങാലക്കുട സ്വദേശി പി. നന്ദകുമാറിന്റെ കീഴില്‍ പഠനം ആരംഭിച്ചു.
സ്കൂള്‍ വിട്ടുവന്നതിനുശേഷം വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്. ഏകദേശം ഒരു കൊല്ലത്തോളം കൈവഴക്കത്തിനായി ചതുരക്കട്ടയില്‍ കൊട്ടിപ്പഠിച്ചു. സാധകം പൂര്‍ണ്ണതയിലെത്തിയെന്ന് ഗുരുവിനു തോന്നിയ നാള് ഒരു ഇടയ്ക്കയെടുത്ത് ചുമലില്‍ തൂക്കി തന്നിട്ട് കൊട്ടിക്കോളാന്‍ പറഞ്ഞു. ഗുരുവിനെ മനസില്‍ ധ്യാനിച്ച് സാധകം ചെയ്തപ്രകാരം അങ്ങ് കൊട്ടി. പിന്നീടിങ്ങോട്ട് അതായിരുന്നു ധൈര്യം. ചെണ്ട, പഞ്ചാരിമേളം, അക്ഷരശ്ലോകം, നാരായണീയം, കവിതലാപനം, ക്ലാസിക്കല്‍ നൃത്തം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാലിക്കട്ട് സര്‍വകലാശാല കലോത്സവത്തിനു വേണ്ടി കലാമണ്ഡലം നാരായണന് എമ്പ്രാന്തിരിയുടെ ശിക്ഷണത്തില്‍ കഥകളി സംഗീതം പഠിച്ചു.
കൊറോണക്കാലത്തുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ സോഷ്യല്‍ മീഡിയയയില്‍ കൂടി സോപാനം അവതരിപ്പിച്ചു. ആദ്യമൊക്കെ ചില കീര്‍ത്തനങ്ങള്‍ പാടി ഫേസ്ബുക്ക് പേജില്‍ ഇടുകയാണ് ചെയ്തത്. എന്നാല്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തത്. പിന്നീട് പ്രശസ്തരായ പലരും കീര്‍ത്തനങ്ങളെഴുതി അത് സോപാന സംഗീതത്തില്‍ ചിട്ടപ്പെടുത്തി പാടുവാന്‍ ആശയെ സമീപിച്ചു. അരങ്ങേറ്റമല്ലെങ്കിലും ഇരിങ്ങാലക്കുട പൂമംഗലം വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രത്തിലായിരുന്നു ആദ്യമായി ഇടയ്ക്കകൊട്ടി പാടിയത്. ഈ വര്‍ഷം നടന്ന കുംഭമേളയില്‍ സോപാനസംഗീതം ആലപിച്ചീട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഗവേണിംഗ്് ബോര്‍ഡിലെ കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പ്രതിനിധിയാണ്.
അച്ഛന്റെ തൂലികയിലെ ഗീതം സോപാനത്തില്‍ പാടി….
ചരിത്രത്തിലാദ്യമായി ആനയെ വര്‍ണിച്ച് ഇടയ്ക്കയില്‍ കീര്‍ത്തനം ആലപിച്ചത് ആശയാണ്. കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ആനയാണ് കൂടല്‍മാണിക്യം മേഘാര്ജുനന്. ആനയ്ക്കു നല്ലതു വരുത്തണേ എന്നു സംഗമേശനോടുള്ള പ്രാര്‍ഥനയാണ് മാണിക്യകളഭം. താമരച്ചെവിയന്റെ തുണയായി എപ്പോഴും താമരപ്രിയനാം നീ കാത്തീടണേ…. എന്നാണ് ആ പാട്ട് അവസാനിപ്പിച്ചിരിക്കുന്നത്. അച്ഛനെഴുതി, ആശ സംഗീതം നല്കി, പാടി, അഭിനയിച്ച ആല്‍ബമാണത്. ഇക്കണോമിക്സ്, ലൈബ്രറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ആശ അഞ്ഞൂറോളം വേദികളില്‍ സോപാന സംഗീതം അവതരിപ്പിച്ചീട്ടുണ്ട്.
കലാതിലകമായ കലാകാരി
ക്രൈസ്റ്റ് കോളജില്‍ പഠിക്കുമ്പോള്‍ 2019 ല്‍ കാലിക്കട്ട്് യൂണിവേഴ്സിറ്റി കലാതിലമായിരുന്നു. ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ തുടര്‍ച്ചയായി നാല് തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തില്‍ 12 വര്‍ഷം ഒന്നാമതെത്തിയതും ആശ തന്നെ.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടത്തുന്ന അക്ഷരശ്ലോകമത്സരത്തില്‍ സുവര്‍ണ്ണമുദ്രയും സ്വന്തമാക്കിയിട്ടുണ്ട്. ഞെരളത്ത് രാമപ്പൊതുവാളിന്റെ ഓര്‍മ്മയ്ക്കായി ഞെരളത്ത് കലാശ്രമത്തിന്റെ സോപാനവാനമ്പാടി എന്ന പുരസ്കാരം, ഭാരതീയ വിചാരകേന്ദ്രത്തിന്റെ യുവമന്ഥന്‍ പുരസ്കാരം, റെഡ് ശക്തി പുരസ്കാരം, ഈ വര്‍ഷം മായാവാദ്യതിലകം പുരസ്കാരം, ദക്ഷിണാമൂര്‍ത്തി പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജലമലിനീകരണം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുവട്ടത്തുള്ള കിണറുകളില്‍ വീണ്ടും പരിശോധന നടത്തണം
നട്ടാല്‍ പോരാ… നോക്കണം… വേനലില്‍ വാടി വീണു സൗന്ദര്യ വല്കരണം കല്ലേറ്റുംകര റെയില്‍ മേല്‍പാലത്തിലെ ചട്ടിയില്‍ നട്ട ചെടികള്‍ പരിപാലനമില്ലാതെ കരിഞ്ഞുണങ്ങി
ദേശീയ സിഎല്സിക്കു പുതു നേതൃത്വം സുമന് കിറേ പ്രസിഡന്റ്, ഡില്‍ജോ തരകന് ജനറല്‍ സെക്രട്ടറി, ഷോബി കെ. പോള്‍ വൈസ് പ്രസിഡന്റ്
അവഗണനയുടെ പാതയില്‍ കുരുങ്ങി വികസനം ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് 125-ാം വര്‍ഷത്തിലേക്ക്
ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്കാരം നിര്‍മല പണിക്കര്‍ക്ക്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു