തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നഗരസഭാ ചെയര്മാന് എം.പി. ജാക്സനു നിവേദനം നല്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ ഭാരവാഹികള്‍ നഗരസഭാ ചെയര്മാന് എം.പി. ജാക്സനെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചു. നഗരസഭ ഒന്നാം വാര്‍ഡില്‍ മൂര്‍ക്കനാട് ഭാഗത്താണ് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തത്. കരുവന്നൂര്‍ പുഴയോടു ചേര്‍ന്നുള്ള പ്രദേശത്താണ് ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് വെള്ളം കയറുന്ന പ്രദേശമാണ്.
ഷെല്‍ട്ടറില്‍ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന അവസ്ഥയുണ്ടാകുമെന്നും സമീപത്തെ ഉന്നതിയില്‍ ഇതു വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു. 43 ാം വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന്റെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ മൂന്നൂറോളം പേര് ഒപ്പുവച്ച നിവേദനം നല്‍കിയത്. നഗരസഭ വൈസ് ചെയര്‍പഴ്സന്റെ വാര്‍ഡിലാണ് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ നഗരസഭ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം പദ്ധതി നടപ്പാക്കാന്‍ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനുള്ള നഗരസഭയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമ്പോഴും മൂര്‍ക്കനാട് പ്രദേശത്ത് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് കടുത്ത ആരോഗ്യ സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാകുമെന്നാണ് ജനകീയ കൂട്ടായ്മ ചൂണ്ടിക്കാണിക്കുന്നത്.
നായകളുടെ നിലവിളിയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളും പ്രദേശത്തെ സമാധാനപരമായ ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് ശേഷമാണ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികള്‍ ചെയര്‍മാനെ കണ്ടത്. ജനവികാരം മാനിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ നിര്‍ദിഷ്ട സ്ഥലത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുകയുള്ളൂ എന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ വൈസ് ചെയര്‍പഴ്സണ്‍ ചിന്ത ധര്മരാജന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍