ജെസിഐ ഇരിങ്ങാലക്കുടയുടെ ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീല്‍ ചെയര്‍ മോഹന്‍ രാജിന് നല്കി
ഇരിങ്ങാലക്കുട: അപകടത്തില്‍ ഇരുകാലുകള്‍ക്കും തളര്‍ച്ച നേരിട്ട് വീടിനുള്ളില്‍ ജീവിതം ഒതുങ്ങിപോയ ചെമ്പുചിറ സ്വദേശി മോഹന്‍രാജിന് ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിച്ച് ഇരിങ്ങാലക്കുടയിലെ ജെസിഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ പോലിസ് മെഡലിനര്‍ഹനായ കൊടകര എസ്എച്ച്ഒ ജയേഷ്ബാലനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. കൊരേച്ചാല്‍ സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിഷ ഹരിദാസ്, മുന്‍ പഞ്ചായത്ത് അംഗം പി.എസ്. പ്രശാന്ത്, വെള്ളിക്കുളങ്ങര പോലീസ് എസ്ഐ പി.ആര്. ഡേവിസ്, ജെസിഐ ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, മുന്‍ പ്രസിഡന്റ് ടെല്‍സന്‍ കോട്ടോളി, സുരേഷ് കടുപ്പശേരിക്കാരന്‍, പ്രോഗ്രാം ഡയറക്ടര്‍ നിസാര്‍ അഷ്റഫ്, ഷിജു പെരേപ്പാടന്, ഡയസ് ജോസഫ്, വി.ബി. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ സുരേഷ് കടുപ്പശേരിക്കാരനാണ് മോഹന്‍ രാജിന്റെ അവസ്ഥ ജെസിഐ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പതിനൊന്നു വര്‍ഷമായിട്ട് ലക്ഷം വീട് കോളനിയിലെ ചെറിയ വീടിന്റെ നാലു ചുവരുകളില്‍ ഒതുങ്ങിയ ജീവിതത്തിന് പുറം ലോകത്തേക്ക് സഞ്ചരിക്കാന്‍ ഒരു ദിവസം പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയാവുന്ന വീല്‍ ചെയര്‍ മോഹന്‍ രാജിന് ജീവിത സാഫല്യമായി മാറി.