ചലിക്കുന്ന പുല്‍ക്കൂടുകളുമായി കരോള്‍ സംഘങ്ങള്‍; വീഥി നിറഞ്ഞ് പാപ്പാമാരും മാലാഖവൃന്ദവും, നഗരം നിറഞ്ഞ് കാണികളും
ഇരിങ്ങാലക്കുട: മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി സാന്താക്ലോസുമാരും മാലാഖമാരും നൃത്തം വെച്ചു. ഒന്നും രണ്ടുമല്ല ആയിരത്തോളം സാന്താക്ലോസുമാരും ആയിരത്തോളം മാലാഖമാരുമാണ് ഇരിങ്ങാലക്കുട ടൗണില്‍ നടന്ന കരോള്‍ മത്സര ഘോഷയാത്രയില്‍ അണിനിരന്ന് നൃത്തച്ചുവടുകള്‍ വച്ചത്. ജീവനുള്ള കഥാപാത്രങ്ങളെ പുല്‍ക്കൂട്ടില്‍ അണിനിരത്തിയായിരുന്നു കരോള്‍ സംഘങ്ങള്‍ നഗരവീഥിയെ കീഴടക്കിയത്. യേശുവിന്റെ കാലഘട്ടത്തിലെ വേഷവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ കുട്ടികളില്‍ മാത്രമല്ല വലിയവരിലും ഏറെ കൗതുകമുണര്‍ത്തി. മാതാവിനും യൗസേപ്പിതാവിനും പുറമേ ആട്ടിടയന്മാരും പൂജരാജാക്കന്മാരുമുള്പ്പെടെയുള്ളവരുടെ പുരാതന വേഷധാരണം കരോളിനെ വേറിട്ടതാക്കി. തിരുപ്പിറവിയുടെ സന്ദേശമറിയിച്ച് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് പാപ്പാ കൂട്ടവും മാലാഖവൃന്ദവും ആട്ടിടയന്മാരുമുള്പ്പെടെയുള്ളവര് അണിനിരന്നത്. ചുവന്ന കുപ്പായവും തൊപ്പിയും ധരിച്ച് കയ്യില്‍ ബലൂണുകളുമായി രാത്രി ഏഴുമണിയോടെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്മാരുടെ പ്രവാഹമാരംഭിച്ചു.
കാലിത്തൊഴുത്തിലെ തിരുപ്പിറവിയുടെ വരവറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും സാന്താക്ലോസുമാരും മാലാഖവൃന്ദവും ചേര്‍ന്ന് ഉണ്ണിമിശിഹായുടെ വരവറിയിച്ചു. കരോള്‍ മത്സരഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ഘോഷയാത്ര ഫല്‍ഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് ഡേവിസ് ഷാജു, പ്രഫഷണല്‍ സിഎല്‍സി സെക്രട്ടറി ജോയ് പേങ്ങിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര മെയിന്‍ റോഡ്, ഠാണാ വഴി കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ടീമുകളുടെ ഡിസ്പ്ലേയോടുകൂടെ സമാപിച്ചു.