കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ബാലോത്സവം തുടങ്ങി
ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള പങ്ക് മഹത്തരം: ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള പങ്ക് മഹത്തരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെയും ക്രൈസ്റ്റ് കോളജിന്റെയും സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിക്കുന്ന വജ്രജൂബിലി ബാലോത്സവം (വിജ്ഞാനക്കൂട്) ലോക പുസ്തകദിനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന പുസ്തകം ഉള്‍പ്പെടെയുള്ള പരിഷത്ത് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമാണ് തന്റെ ജീവിത കാഴ്ചപ്പാട് വികസിപ്പിക്കാന്‍ സഹായിച്ചത് എന്ന് ഡോ. ബിന്ദു പറഞ്ഞു. നമ്മളിലെ പരുക്കന്‍ ഭാവങ്ങളും വന്യമായ വാസനകളും അകറ്റി മഹിതമായ മാനവികത വളര്‍ത്താനും സ്വയംപര്യാപ്തത കൈവരിക്കാനും പരിഷത്തിന്റെ ഇത്തരം സഹവാസക്യാമ്പുകള്‍ കുട്ടികള്‍ക്ക് ഉപകരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.ഡി. സുധ, ക്യാമ്പ് ഡയറക്ടര്‍ ദീപ ആന്റണി, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ബാലോത്സവം കമ്മിറ്റി ചെയര്മാന് കെ.വി. ഗണേഷ്, ഇ.എം. വിനീത് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ പരിഷത്ത് മേഖലകളിലെ പത്ത് മുതല്‍ 14 വരെ വയസുള്ള 150 കുട്ടികളാണ് ബാലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഭാഷ, ശാസ്ത്രം, തിയറ്റര്‍, ആര്‍ട്ട്, സാങ്കേതികവിദ്യ, ഗണിതം എന്നീ വിഷയങ്ങളിലൂടെയാണ് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് (ബാലോത്സവം) ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാലോത്സവം ഇന്ന് സമാപിക്കും.