ശമ്പള കുടിശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിന് മുന്നില്‍ പാചകതൊഴിലാളികളുടെ സമരം
ഇരിങ്ങാലക്കുട: സ്കൂള്‍ പാചക തൊഴിലാളികളുടെ, അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) നേതൃത്വത്തില്‍ മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിനു മുന്നില്‍ തൊഴിലാളികളുടെ സത്യാഗഹ സമരം. ശമ്പള കുടിശിക പൂര്‍ണമായും വിതരണം ചെയ്യുക, 2016 ല്‍ സര്‍ക്കാര്‍ അംഗീകരിച്ച 250 വിദ്യാര്‍ഥികള്‍ക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയായി വര്‍ധിപ്പിക്കുക, 60 വയസില്‍ ജോലിയില്‍ നിന്ന് പിരിയുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പെന്ഷന് ആനുകൂല്യമായി നല്‍കുക ചികിത്സ ആനുകൂല്യങ്ങള്‍ അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, സ്കൂള്‍ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പില്‍ കണ്ടിജന്‍സി ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്കൂള്‍ പാചക തൊഴിലാളികള്‍ ഉന്നയിക്കുന്നത്. എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പാചക തൊഴിലാളി സംഘടന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ്, തേറമ്പില്‍ ശ്രീധരന്, കെ.എസ്. ജോഷി, ഡേവിസ് വില്ലേടത്തുകാരന്, രാഹുല്‍ വി. നായര്‍, പി.എം. ഷംസുദ്ദീന്, റോസി റപ്പായി, ഓമന ശിവന് എന്നിവര്‍ പ്രസംഗിച്ചു.