മലയാളി നേഴ്സ് റിജോ ജെയിംസ് അമേരിക്കയില്‍ ടോപ് നേഴ്സ് അവാര്‍ഡിന് അര്‍ഹയായി
ഇരിങ്ങാലക്കുട: മലയാളി നേഴ്സ് റിജോ ജെയിംസ് അമേരിക്കയില്‍ ടോപ് നേഴ്സ് അവാര്‍ഡിന് അര്‍ഹയായി. കണ്ണംമഠത്തി വര്‍ഗീസ് ത്രേസ്യാമ്മ മകള്‍ റിജോ ജെയിംസ് അമേരിക്കയിലെ ഡെലാവര്‍ സംസ്ഥാനത്തില്‍ ടോപ് നഴ്സ് അവാര്‍ഡ് 2023 കരസ്ഥമാക്കി. ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമിയില്‍ നിന്ന് നഴ്സിംഗ് ബിരുദമെടുത്ത റിജോ ജെയിംസ് പിന്നീട് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ നഴ്സായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് അമേരിക്കയിലെ ക്രിസ്റ്റ്യാന കെയര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ 18 വര്‍ഷമായി ജോലി ചെയ്യുന്നു. 2023 മെയ് 17ാം തിയ്യതി അമേരിക്കയിലെ വൈറ്റ് ക്ലെ ക്രീക്ക് കണ്ട്രി ക്ലബില്‍ നടന്ന ചടങ്ങില്‍ വച്ച് ഡെലാവര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍, ബഥനി ഹാള്‍ അവാര്‍ഡ് നല്കി ആദരിച്ചു. ഇരിങ്ങാലക്കുട രൂപത കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ റിജോ ജെയിംസിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സെന്റ് ജെയിംസ് ഡയറക്ടര്‍ റവ. ഫാ. ആന്റു ആലപ്പാടന്‍, ഫാ. ജോണ്സന് തറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.