കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികളില്‍ നിന്ന് പത്ത് പേര്‍ക്ക് കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതായി സൂചന
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിക്കുന്ന ജപ്തി നടപടികളില്‍ നിന്ന് തട്ടിപ്പില്‍ ഉള്‍പ്പെട്ട പത്ത് പേര്‍ക്ക് സ്റ്റേ ലഭിച്ചതായി സൂചന. വി കെ ലളിതന്‍ , ടി ആര് സുനില്‍കുമാര്‍, സി കെ ജില്‍സ്, കെ കെ ദിവാകരന് മാസ്റ്റര്‍, ജോസ് ചക്രം പുളളി, എന്‍ നാരായണന് , ജിനോരാജ്, ഖാദര്‍ ഹുസൈന്, അനിത വിദ്യാസാഗര്‍, ചന്ദ്രികാ ഗോപാലകൃഷ്ണന് എന്നിവര്‍ക്കാണ് ഹൈക്കോടതിയില്‍ നിന്ന് ജപ്തി നടപടികളില്‍ നിന്ന് രണ്ട് മാസത്തേക്ക് സ്റ്റേ ലഭിച്ചതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. മറ്റ് പ്രതികളികള്ക്കും വരും ദിവസങ്ങളില്‍ സ്റ്റേ ലഭിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ മുന്‍ ഭരണ സമിതി അംഗം ജോസ് ചക്രംപുള്ളിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ എത്തിയ റവന്യൂ അധിക്യതര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാതെ മടങ്ങി. രാവിലെ എട്ടരയോടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ ടി ജി ശശിധരന് , റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് ജി എല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാപ്രാണത്തുള്ള വീട്ടില്‍ എത്തിയത്. സ്റ്റേ ലഭിച്ചതായി അഭിഭാഷകന് അറിയച്ച വിവരം വീട്ടില്‍ ഉണ്ടായിരുന്ന ജോസ് ചക്രം പുളളിയും കുടുംബാംഗങ്ങളും ഇവരെ അറിയിച്ചു. ഇത് സംബന്ധിച്ച് ഇവര്‍ റവന്യൂ സംഘത്തിന് അഭിഭാഷകനില്‍ നിന്ന് ലഭിച്ച രേഖ കൈമാറി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ സംഘം പിന്‍വാങ്ങി. രണ്ട് ദിവസം മുമ്പ് ജോസ് ചക്രം പുള്ളിയുടെ വീട്ടില്‍ റവന്യൂ സംഘം എത്തിയിരുന്നുവെങ്കിലും വീട് അടച്ചിട്ടതായി കണ്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.