വെള്ളാങ്കല്ലൂര്‍ ജലനിധി ഉപഭോക്താക്കളുടെ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ജലനിധി ഉപഭോക്താക്കളുടെ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജലനിധി സ്കീം ലെവല്‍ കമ്മിറ്റിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വര്‍ധന സംബന്ധിച്ച് താരിഫ് സമര്‍പ്പിച്ചത്. ആഗസ്റ്റ് മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. പഞ്ചായത്ത് കമ്മിറ്റികളുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് വര്‍ധന നിലവില്‍ വരും. പഞ്ചായത്തിലെ പ്രതിപക്ഷം നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ രംഗത്തുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കൊണ്ടുവന്ന ജലനിധി പദ്ധതി കെടുകാര്യസ്ഥതമൂലം ജനങ്ങളെ കൊള്ളയടിക്കുന്നതായി മാറി. കഴിഞ്ഞ വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി 20 ദിവസം വരെ കാത്തുനില്‍ക്കേണ്ട സ്ഥിതിയുമുണ്ടായി. പഞ്ചായത്തില്‍ 15,000 ലിറ്റര്‍ വരെ കുടിവെള്ളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ജല അതോറിറ്റി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ 5000 ലിറ്റര്‍ കുടിവെള്ളം എടുക്കുന്നവരും 120 രൂപ ജലനിധിക്ക് കരമടക്കണമെന്നാണ് ജലനിധിയുടെ പക്ഷം. 15,000 ലിറ്റര്‍ കുടിവെള്ളത്തിന് 144 രൂപ 10 പൈസ ജല അതോറിറ്റി ഈടാക്കുമ്പോള്‍ 15000 ലിറ്റര്‍ കുടിവെള്ളത്തിന് 365 രൂപയാണ് ജലനിധി ആവശ്യപ്പെടുന്നത്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയിലുള്ള നാരായണമംഗലം മുതല്‍ ജല അതോറിറ്റിയുടെ കുറഞ്ഞ നിരക്കിലുള്ള വെള്ളം ലഭിക്കുമ്പോള്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ പൊതുജനങ്ങളെ പിഴിയുന്ന സമീപനമാണ് ജലനിധിയുടേത്. അതേസമയം വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ജലനിധി രണ്ടുകോടി മുപ്പത്തിയെട്ടായിരത്തി മുന്നൂറ്റി എഴുപത്തെട്ടു രൂപ ജല അതോറിറ്റിക്ക് നല്‍കാനുമുണ്ട്. പഞ്ചായത്തിലെ ഫണ്ട് ചെലവഴിക്കുന്നതിന് സ്റ്റേറ്റ്, ലോക്കല്‍ ഓഡിറ്റിംഗ് ഉണ്ടെന്നിരിക്കെ ജലനിധിക്ക് ഓഡിറ്റിംഗ് ബോധകമല്ലെന്ന കൗതുകവുമുണ്ട്.
പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്
ജലനിധി ഈടാക്കുന്നത് അമിത നിരക്കെന്ന് കോണ്‍ഗ്രസ് നോതാവ് സാബു കണ്ടത്തില്‍, പഞ്ചായത്തംഗം എം.എച്ച്. ബഷീര്‍ എന്നിവര്‍ ആരോപിച്ചു. 1000 വെള്ളം ജലഅതോറിറ്റി ജലനിധിക്ക് നല്കുമ്പോള് ആകെ വാങ്ങുന്നത് 16 രൂപ 62 പൈസ മാത്രമാണ്. ഇതേ ജലം ജലനിധി ഉപഭോക്താവിന് നല്കുമ്പോള് പതിനായിരം ലിറ്റര്‍ വെള്ളത്തിന് 220 രൂപയാണ് ഈടാക്കുന്ത്. നിരക്ക് വര്‍ധന നിലവില്‍ വന്നാല്‍ 5000 ലിറ്റര്‍ വരെ 120 രൂപയും 5001 മുതല്‍ പതിനായിരം ലിറ്റര്‍ വരെ 200 രൂപയും ഉപഭോക്താവ് നല്‍കേണ്ടിവരും. നേരത്തെ ഇത് യഥാക്രമം 70 രൂപയും 100 രൂപയും ആയിരുന്നു. ഗാര്‍ഹികേതര വിഭാഗത്തിന് 10,000 ലിറ്റര്‍ വരെയുള്ള ഉപഭോക്താക്കള്‍ 250 രൂപ അടയ്ക്കണം. നിലവില്‍ ഇത് 150 രൂപയായിരുന്നു. 30,000 ലിറ്റര്‍ ഉപയോഗിക്കുന്ന ഉപഭോക്താവ് 1225 രൂപ അടയ്ക്കണം. ഗാര്‍ഹികേതര ഉപഭോക്താവിന് ഇത് 3575 രൂപയാണ്. ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും ജലനിധി വെള്ളക്കരം വര്‍ദ്ധിപ്പിച്ചാല്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.