ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ തര്‍ക്കവും; മണ്ഡലം കമ്മിറ്റി അധ്യക്ഷ പ്രഖ്യാപനം നീളുന്നു
ഇരിങ്ങാലക്കുട: ഗ്രൂപ്പ് തര്‍ക്കത്തേയും ഗ്രൂപ്പിനുള്ളിലെ തര്‍ക്കങ്ങളേയും തുടര്‍ന്ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊറത്തിശേരി, വേളൂക്കര, കാട്ടൂര്‍, ആളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അധ്യക്ഷന്മാരുടെ പ്രഖ്യാപനം നീളുന്നു. ഇരിങ്ങാലക്കുട, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട് മണ്ഡലം കമ്മിറ്റി അധ്യക്ഷന്മാരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. എ ഗ്രൂപ്പില്‍ നിന്നുള്ള സി.എസ്. അബ്ദുള്‍ ഹഖ്, എ. ഐ. സിദ്ധാര്ഥന്, എന്‍. ശ്രീകുമാര്‍, സാജു പാറേക്കാടന്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട, പടിയൂര്‍, പൂമംഗലം, മുരിയാട് മണ്ഡലം കമ്മിറ്റി അധ്യക്ഷന്മാരായി പ്രഖ്യാപിച്ചത്.
കാറളം മണ്ഡലം കമ്മിറ്റിയെ ഐ ഗ്രൂപ്പില്‍ നിന്നുള്ള ബാസ്റ്റ്യന്‍ ഫ്രാന്‍സിസ് തുടര്‍ന്നും നയിക്കും. കാട്ടൂരില്‍ എ ഗ്രൂപ്പില്‍ നിന്നുള്ള ബെറ്റി ജോസ്, എ.പി. വില്സന്, ആളൂരില്‍ എ ഗ്രൂപ്പില്‍ നിന്നുളള നിലവിലെ മണ്ഡലം പ്രസിഡന്റ് ബാബു തോമസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ കാട്ടൂര്‍, ആളൂര്‍ മണ്ഡലം കമ്മിറ്റി അധ്യക്ഷ പദവികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പ് അവകാശം ഉന്നയിക്കുന്നുണ്ട്. വേളൂക്കരയില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള അഡ്വ. ശശികുമാര്‍ എടപ്പുഴ, ഹേമന്ത്കുമാര്‍, പൊറത്തിശ്ശേരിയില്‍ ഐ ഗ്രൂപ്പില്‍ നിന്നുളള അഡ്വ. സിജു പാറേക്കാടന്‍, പി.കെ. ഭാസി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.