കേരഗ്രാമം: ഒന്നാംഘട്ട സബ്സിഡിക്കായി കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു
പടിയൂര്‍: കേരഗ്രാമം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി ഇതുവരെയും ലഭിച്ചില്ലെന്ന് പരാതി. പടിയൂര്‍ പഞ്ചായത്തിലെ കേരകര്‍ഷകരാണ് തെങ്ങിന് വളം, തടം എടുക്കല്‍ എന്നിവയുടെ സബ്സിഡി ലഭിച്ചിട്ടില്ലെന്ന പരാതിയുമായെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെയും തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇപ്പോള്‍ രണ്ടാംഘട്ട സബ്സിഡിക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍നിന്ന് കൃഷിഭവന് സ്വീകരിച്ചുതുടങ്ങി. എന്നാല്‍ ഒന്നാംഘട്ടത്തിലെ ആനുകൂല്യങ്ങള്‍ക്കായി ബില്ല് ട്രഷറിയില്‍ നല്‍കിയിട്ടുണ്ടെന്നും ട്രഷറിയില്‍ നിയന്ത്രണമുള്ളതിനാലാണ് സബ്സിഡി ലഭിക്കാന്‍ വൈകുന്നതെന്നുമാണ് കൃഷിഭവന് പറയുന്നത്.
എ.ഡി.എ.യുടെ ബില്ല് സെപ്റ്റംബര്‍ 29നാണ് ലഭിച്ചതെന്ന് മുകുന്ദപുരം താലൂക്ക് സബ് ട്രഷറി വൃത്തങ്ങള്‍ പറഞ്ഞു.ഒരു ലക്ഷത്തില്‍ താഴെയുള്ളതും അത്യാവശ്യമായ ബില്ലുകളുമാണ് പെട്ടന്ന് പാസ്സാക്കി നല്‍കുന്നത്. ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ക്യൂവില്‍ ഉള്‍പ്പെടുത്തി മുന്‍ഗണനയനുസരിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതുപ്രകാരമാണ് പാസാക്കി നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. എ.ഡി.എ.യുടെ ബില്ല് മൂന്ന് ലക്ഷത്തിന് മുകളിലാണ്. അതുകൊണ്ടാണ് വൈകുന്നതെന്നും അടുത്തഘട്ടത്തില്‍ ബില്ല് പാസാകുമെന്നും ട്രഷറി വ്യക്തമാക്കി.