തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള കരിയര്‍ എക്സ്പോ 2കെ24 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, മാള, മതിലകം, ചേര്‍പ്പ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍മേള കരിയര്‍ എക്സ്പോ 2കെ24 സംഘടിപ്പിച്ചു. ആയിരത്തോളം ഒഴിവുകളില്‍ കേരളത്തില്‍ നിന്നുള്ള 25 കമ്പനികള്‍ പങ്കെടുത്തു. 686 ഉദ്യോഗാര്‍ഥികളില്‍ നിന്നും 262 പേര് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. കൂടാതെ ഡിഡിയുജികെവൈ പദ്ധതിയിലൂടെ 18നും 35 നും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം ലഭിക്കുന്നതിനുള്ള അവസരവും ഐഇസി ക്യാമ്പയിനും ഒരുക്കിയിരുന്നു. തൊഴില്‍മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എ.കെ. വിനീത സ്വാഗതം അര്‍പ്പിച്ചു. നഗരസഭ ക്ഷേമകാര്യ ചെയര്മാന് സി.സി. ഷിബിന്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ശൈലജ ബാലന്, സുനിതാ രവി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സിത്താര കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ഏഴു ബ്ലോക്കിലെയും ബ്ലോക്ക് കോ ഓഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി വളണ്ടിയേഴ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.