അതിഥി തൊഴിലാളികളുടെ കൂടെ താമസം, ജോലി രാത്രിയിൽ, തിരിച്ചെത്തുന്നത് ബാഗ് നിറയെ പണവുമായി ഒടുവിൽ ഭായി പിടിയിൽ
ഇരിങ്ങാലക്കുട: ആളൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാര്‍ഡ് ഡിസ്കുകളും കവര്‍ന്ന പ്രതി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ ദിനാശ്പൂര്‍ സ്വദേശി മുക്താറുള്‍ ഹഖിനെ(32)യാണ് തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ അന്വേഷണ സംഘം പിടികൂടിയത്. നിരവധി കളവുകേസുകളില്‍ പ്രതിയായ ഇയാള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ പറവൂര്‍ മന്നത്തുനിന്നാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികളെ രണ്ടാഴ്ചയോളം നിരീക്ഷിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. സമീപകാലത്ത് സമാന രീതിയിലുണ്ടായിട്ടുള്ള പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്.
2021ല്‍ എറണാകുളം നോര്‍ത്ത്, സൗത്ത്, എളമക്കര സ്റ്റേഷനുകളിലും കഴിഞ്ഞവര്‍ഷം തിരുവല്ല, കാലടി സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ മോഷണക്കേസുകള്‍ ഉണ്ട്. തിരുവല്ലയില്‍ ബിവറേജ് ഷോപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും എറണാകുളത്തും കാലടിയിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് മുമ്പ് അറസ്റ്റിലായത്. അന്ന് പെരുമ്പാവൂരില്‍ താമസിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം നോര്‍ത്ത് പറവൂര്‍ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ചാണ് ഇപ്പോള്‍ മോഷണം നടത്തിവന്നിരുന്നത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തും. കളവുകള്‍ നടത്തി നാട്ടിലേക്ക് പോയി വീണ്ടും തിരിച്ചെത്തിയാണ് മോഷണം നടത്തിയിരുന്നത്. അടുത്തദിവസം നാട്ടിലേക്ക് പോകാന്‍ തയാറെടുത്തിരിക്കെയാണ് പോലീസിന്റെ പിടിയിലായത്. ദിവസങ്ങളുടെ ഇടവേളയിലാണ് കൊമ്പൊടിഞ്ഞാമാക്കലിലും എടവിലങ്ങിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. ഇയാളുടെ താമസസ്ഥലം മനസിലാക്കി മഫ്തിയിലെത്തി ഏറെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. ആളൂര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ സിപിഒ മാരായ എം.ബി. സതീശന്, ഇ.എസ്. ജീവന്, കെ.എസ്. ഉമേഷ്, സവീഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് നോര്‍ത്ത് പറവൂര്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെകൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.