ഡോ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. രഞ്ജിത്ത് തോമസിന്: അവാര്‍ഡ് ഇന്ന് സമ്മാനിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകന് നല്‍കിവരുന്ന ഈ വര്‍ഷത്തെ റവ.ഡോ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് ഡോ. രഞ്ജിത്ത് തോമസ് എഫ്ആര്‍എസ്സി അര്‍ഹനായി. ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ രസതന്ത്ര വിഭാഗത്തില്‍ അധ്യാപകനും ഗവേഷകനുമാണ് ഡോ. രഞ്ജിത്ത് തോമസ്. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും ശാസ്ത്ര മേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ അന്തരിച്ച റവ.ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ഥം സ്ഥാപിതമായ ഈ അവാര്‍ഡ്.
മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, കവിയും നിരൂപകനുമായ പ്രഫ. കെ. സച്ചിദാനന്ദന്, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. എം. ഉസ്മാന്, ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 26 ന് രാവിലെ 10 ന് ക്രൈസ്റ്റ് കോളജ് ഡോ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ വച്ച് നടത്തുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ഇപ്പൊള്‍ സിഎംഐ കോട്ടയം പ്രോവിന്ഷ്യലുമായ റവ.ഡോ. അബ്രാഹം വെട്ടിയാങ്കല്‍ മുഖ്യാതിഥി ആയിരിക്കും. സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്ഷ്യല് റവ.ഡോ. ജോസ് നന്തിക്കര അനുഗ്രഹ പ്രഭാഷണം നടത്തും.