ഇരിങ്ങാലക്കുട രൂപത യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: യുവജന ശുശ്രൂഷയില്‍ പുതിയ ഉണര്‍വ് നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ യുവജന വര്‍ഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ 2022 ല്‍ പ്രഖ്യാപിച്ച സിനാഡാത്മക സഭയുടെ നവീകരണ യത്നത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്ക സഭയില്‍ 2024 യുവജന വര്‍ഷമായി ആചരിക്കുകയാണ്. രൂപത വികാരി ജനറല്‍മാരും, വിവിധ സന്യാസ സഭകളുടെ പ്രൊവിന്ഷ്യാളമ്മമാരും ഇരിങ്ങാലക്കുട രൂപതയിലെ യുവജന പ്രസ്ഥാനങ്ങളായ ജീസസ് യൂത്ത്, സിഎല്‍സി, കെസിവൈഎം എന്നീ സംഘടനകളുടെ ഡയറക്ടര്‍മാരും ഭാരവാഹികളും യുവജന പ്രതിനിധികളും ദീപം തെളിയിച്ചു.
കണ്ണില്‍ കനവും കരളില്‍ കനലും കാലില്‍ ചിറകുമുള്ള ക്രൈസ്തവ യുവത്വം- എന്ന ആപ്തവാക്യം ഉള്‍ക്കൊള്ളുന്ന ലോഗോ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. യുവജന വര്‍ഷ പ്രാര്‍ത്ഥന നടത്തി. വിവിധ കര്‍മ്മ പരിപാടികള്‍ അവതരിപ്പിച്ചു. മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല, യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, സിഎല്‍സി ഡയറക്ടര്‍ ഫാ. അരുണ്‍ തെക്കിനിയത്ത്, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.