മൂര്‍ക്കനാട് കത്തിക്കുത്ത്; ഒരാള്‍ കൂടി മരിച്ചു, നിര്‍ണായക തെളിവായി കത്തികള്‍ കണ്ടെടുത്തു
ഗ്രാമത്തെ ഞെട്ടിച്ച് ഇരട്ട കൊലാതകം, പഴുതടച്ച് അന്വേഷണം, നിര്‍ണായക തെളിവായി കത്തികള്‍ കണ്ടെടുത്തു
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ടാള് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകളായി കത്തികള്‍ കിട്ടി. രണ്ടു കത്തികള്‍ സംഭവസ്ഥലത്തു നിന്നുമാണ് പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മറ്റു നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും. മുഖ്യ പ്രതികളായ രണ്ടു പേരെ ഇതുവരെയും പിടികൂടുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവര്‍ സഹോദരങ്ങളാണ് മുമ്പും നിരവധി കേസുകളിലും ഉള്പ്പട്ടിട്ടുള്ളവരാണിവര്. ഇവരോടൊപ്പം മുമ്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂര്‍ക്കനാട് കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നാട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് ഇവര്‍ ഒളിവില്‍ പോയിരിക്കുന്നത്.
സൈബര്‍സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊകേഷന്‍ നോക്കി അന്വേണം പുരോഗമിക്കുമ്പോള്‍ ഇവരുടെ മൊബൈല്‍ ഉപേക്ഷിച്ചാണ് നാടുവിട്ടതെന്ന് പോലീസിന് മനസിലായത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യ ചെയ്യുന്നുണ്ട്. മാത്രവുമല്ല, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരുമായി ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നവരെയും ഇവരുടെ സുഹൃത്തുകളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട കനാല്‍ ബേയ്സില്‍ വിജയന് കൊലപാതക കേസുകളിലും പ്രതികളായവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ (32), ഊരകം വില്ലേജ് കരുവന്നൂര്‍ ചെറിയപാലം സ്വദേശി പൂക്കോട്ടില് അതുല്‍ കൃഷ്ണ എന്ന അപ്പു (23), പാറക്കുളം വില്ലേജ് അമ്മാടം പാര്‍പ്പക്കടവ് പുത്തന്‍പുരയ്ക്കല്‍ അക്ഷയ് (21), കാറളം വില്ലേജ് വെള്ളാനി സ്വദേശി പാടേക്കാരന്‍ ഫാസില്‍ (23), കാറളം കിഴുത്താണി മനപ്പടി ചീരോത്ത് ജിഷ്ണു എന്ന വാവ (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊടകര മഞ്ചേരി വീട്ടില്‍ മനോജ് (35), തൊട്ടിപ്പാള്‍ മണ്ണൂര്‍ വീട്ടില്‍ നിഖില്‍ (34), ആനന്ദപുരം സ്വദേശി കൊല്ലംപറമ്പില്‍ സഹല്‍ (24), മൂര്‍ക്കനാട് കോമരത്തുവീട്ടില് സുജിത്ത് (28), നന്തിക്കര നമ്പോലന് വീട്ടില്‍ അഭിലാഷ് (38) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍. കുത്തേറ്റ് മരിച്ച വെളുത്തൂര്‍ സ്വദേശി അക്ഷയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 31 ന് മൂര്‍ക്കനാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
മൂര്‍ക്കനാട് കത്തിക്കുത്ത്; ചികില്‍സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു.
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ക്ഷേത്രോല്‍സവത്തിന്റെ ആറാട്ട് ചടങ്ങ് നടക്കുന്നതിനിടയില്‍ ആലുംപറമ്പില്‍ യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആനന്ദപുരം പൊന്നയത്ത് വീട്ടില്‍ പ്രഭാകരന് മകന് സന്തോഷ് (40 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ-ജൂഡി. മക്കള്‍- ശ്രീപ്രിയ, അനാമിക. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ നടന്ന എറ്റുമുട്ടലില്‍ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി അക്ഷയ് (21) മരിച്ചിരുന്നു.