ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് നകരമണ്ണ് ഋഷികേശ് നമ്പൂതിരി കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: പൂരാവേശത്തിനു പിന്നാലെ സംഗമപുരിയെ ആവേശത്തിലാഴ്ത്തി പത്തുദിവസത്തെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി. താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ വൈഷ്ണവ മന്ത്രധ്വനികളാല് ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില് മന്ത്രങ്ങള്‍ ആവാഹിച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്. പഞ്ചാരിമേളത്തിന്റെയും ആനകളുടെയും കലകളുടെയും പത്തുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്.
കൊടിയേറ്റത്തിനു മുന്നോടിയായി ആചാര്യവരണം നടന്നു. ശ്രീകോവിലില്‍നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിനു പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്. കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്റെ നാദം ഉയര്‍ന്നു. വില്വവട്ടത്ത് നങ്ങ്യാര്‍മഠം കുടുംബാംഗം സൂത്രധാരകൂത്തും തുടര്‍ന്ന് നങ്ങ്യാര്‍കൂത്തും അവതരിപ്പിച്ചു. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേളയും അരങ്ങേറി. നൂറിലധികം വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരത്തിന്റെ അണുതെറ്റാതെയുള്ള നിഷ്ഠയുടെ ഭാഗമാണു കൊടിയേറ്റ് ദിവസം കൂത്തമ്പലത്തില്‍ തുടങ്ങുന്ന കൂത്തുപറച്ചില്‍.
ശ്രീകോവിലില്‍ നിന്ന് ഭഗവാന് ആദ്യമായി പുറത്തേയ്ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം ചടങ്ങ് നടക്കും. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മത്രം പ്രത്യേകതയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം
സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു