ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
കൂടല്‍മാണിക്യത്തില്‍ ഉത്സവത്തിനുള്ള ആനചമയങ്ങള്‍.
എഴുന്നള്ളിപ്പ് വിസ്മയമാക്കാന്‍ അണിയറ ഉണര്‍ന്നു….ആരവങ്ങളുയര്‍ത്താന്‍ ചാമരങ്ങളൊരുങ്ങി….ചന്തം വിരിച്ച് വെഞ്ചാമരം…
ഇരിങ്ങാലക്കുട: ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്മാര്ക്ക് അണിയാന്‍ സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്.
എഴുന്നള്ളിപ്പിനുള്ള വര്‍ണകുടകള്‍, ആലവട്ടം, അലക്ക്, മകുടം, കോലം തുടങ്ങിയ ചമയങ്ങളുടെയും പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആന എഴുന്നള്ളിപ്പിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ കരിവീരന്മാര്. ഏത് ലക്ഷണമൊത്ത കൊമ്പനെയും മിനുക്കുന്നതും ഒരുക്കുന്നതും ചമയങ്ങളാണ്. അതില്‍ മുഖ്യം ആലവട്ടവും വെഞ്ചാമരവും. താളവട്ടം മാറി മേളം മുറുകി കാലം പെരുകുമ്പോള്‍ സംഗമേശ്വര സന്നിധിയിലെത്തുന്ന ഉത്സവ പ്രേമികളുടെ ആര്‍പ്പും ആരവങ്ങളും ആനപ്പുറമേയ്ക്ക് ലഹരിയായ് വിടരുന്നത് വട്ടം ചുഴറ്റി വിരിയുന്ന വെഞ്ചാമരത്തിലും ആലവട്ടത്തിലുമാണ്.
ചമയങ്ങളില്‍ വര്‍ണ്ണ വിസ്മയമൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്കരനും സംഘവും
ഒരു മാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കി വര്‍ണ്ണ വിസ്മയമൊരുക്കുന്നത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്ക്കരന്‍ തന്റെ അച്ഛനായ കുട്ടപ്പനില്‍ നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്കരന്റെ മുത്തച്ചനും ആനകള്‍ക്കുള്ള ചമയങ്ങളൊരുക്കുകയായിരുന്നു പണി. കൂടല്‍മാണിക്യ ക്ഷേത്രത്തിനു പുറമേ പള്ളത്താംകുളങ്ങര, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും പുഷ്ക്കരന്‍ ആനച്ചമയങ്ങളൊരുക്കിയിരുന്നു.
സ്വര്ണ്ണശോഭയേറും നെറ്റിപ്പട്ടങ്ങള്‍, ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുട
പത്തരമാറ്റ് തിളക്കത്തിലാണ് നെറ്റിപ്പട്ടങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ്. മറ്റു ആനകള്‍ക്ക് നാല് മഞ്ഞക്കുടകളും 10 റോസ് നിറത്തിലുള്ള കുടകളുമാണ് തയാറാക്കിയിരിക്കുന്നത്. തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പെടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത െറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്.
സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണകോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടമ്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി ഭാഗം സ്വര്‍ണ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകള്, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തന്നെ തനി സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്.
ഒന്നും തന്നെ പ്ലേറ്റിംഗ് അല്ല. തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെഞ്ചാമരത്തിന്റെ പിടി എന്നിവയും സ്വര്‍ണനിര്‍മിതമാണ്. കോലത്തിന് മുകളില്‍ സ്വ്ണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് പൊടിയും കച്ചയും തുന്നിച്ചേര്‍ത്ത് ഭംഗിയാക്കി. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വര്‍ണത്തിലുള്ള കുടകളാണ് തയാറാക്കിയിട്ടുള്ളത്. കീഴേടമായ അയ്യങ്കാവിലേക്കല്ലാതെ ചമയങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ഇവിടെ പതിവില്ല.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
ഒന്നാം ഉത്സവം
(മാണിക്യം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.00: തിരുവാതിരക്കളി, 3.30: മലപ്പുറം നാട്യകലാക്ഷേത്രയുടെ ഭരതനാട്യം, 4.30: അവിട്ടത്തൂര്‍ ശിവരഞ്ജിനി കലാസമിതിയുടെ ശാസ്ത്രീയ നൃത്തം, 5.00: കൊല്ലം മയൂരം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഭരതനാട്യം, 7.00: സാംസ്കാരിക സമ്മേളനം, 8.00: കഥകളി കളിയരങ്ങ്, 9.30: രാപ്പാള്‍ സ്നേഹ സന്തോഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, 10.00: തിരുവനന്തപുരം നീലാംബരി വര്‍മ്മയുടെ ഭരതനാട്യം.
(സംഗമം വേദിയില്‍)
രാത്രി 9.30: വിളക്ക്. പഞ്ചാരിമേളത്തിന് പെരുവനം പ്രകാശന് മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് 1.00: തിരുവാതിരക്കളി, 1.20: ലളിതാകൃഷ്ണമൂര്ത്തി രാഗധ്വനിയുടെ സംഗീതാര്‍ച്ചന, 2.00: ഗുരുവായര്‍ അഷ്ടപദി ഗ്രൂപ്പ് അവതരിപ്പിക്കുന്ന ശ്യാമസുന്ദരം, 3.00: കോടാലി നാദബ്രഹ്മം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ശാസ്ത്രീയസംഗീതം, 3.45: സ്നേഹ രവികുമാറിന്റെ വായ്പാട്ട് ശാസ്ത്രീയസംഗീതം, 4.15 പൂങ്കുന്നം അക്ഷര നിമേഷിന്റെ ഭരതനാട്യം, 5.00: വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ സലീഷ് നനദുര്‍ഗ യൂണിവേഴ്സലിന്റെ സോപാനസംഗീതം, 5.45: കൊടുങ്ങല്ലൂര്‍ നാട്യമയൂരി കലാക്ഷേത്ര അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45: ഇരിങ്ങാലക്കുട ഹൃദ്യ ഹരിദാസിന്റെ മോഹിനിയാട്ടം, 7.45: ഭരതനാട്യകച്ചേരി, 8.30: ഇരിങ്ങാലക്കുട സൗപര്‍ണിക നമ്പ്യാര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി, 9.30: ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡല് നാട്യകളരിയുടെ ശാസ്ത്രീയ നൃത്തം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം
സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു