അറവനമുട്ടില്‍ വിജയമാവര്‍ത്തിച്ച് പാടൂര്‍ അലി ഇമുള് സ്കൂളിലെ കുട്ടികള്‍
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത്
ഇരിങ്ങാലക്കുട: അറവനമുട്ട് ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ വിജയമാവര്‍ത്തിച്ച് പാടൂര്‍ അലിഇമുള് ഇസ്ലാം എച്ച്എസ്എസ് സ്കൂള്‍. ജില്ലയിലും സംസ്ഥാനത്തും അഞ്ച് വര്‍ഷം തുടര്‍ച്ചയായി നേടിയ ജയങ്ങള്‍ ഒരു ഇടവേളക്ക് ശേഷം നടന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിലും പാടൂരിലെ കുട്ടികള്‍ വിജയം ആവര്‍ത്തിച്ചു. അറവനമുട്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഇത്തവണ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് പാടൂര്‍ സ്കൂള്‍ എത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി മുല്ലശ്ശേരി ഉപജില്ല കലോത്സവ ജേതാക്കളും പാടൂര്‍ അലി ഇമുള് സ്കൂള്‍ തന്നെയാണ്. ജൂണില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ട് നില്ക്കുന്ന തീവ്രമായ പരിശീലനത്തിന്റെ ഫലമാണ് വിജയമെന്ന് സ്റ്റാഫ് സെക്രട്ടറി പി.എം. മൊഹ്സിന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അനസ് രായം മരക്കാറാണ് മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. അറബിക് നാടകം ഹൈസ്കൂള്‍ വിഭാഗത്തിലും പാടൂര്‍ സ്കൂള്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
പ്രധാന വേദിയായ ടൗണ്‍ ഹാളില്‍ അവതരണത്തിനിടയില്‍ മാറ്റില്‍ കുടുങ്ങി മത്സരാര്‍ഥിയുടെ കാലിടറിയതിനെ തുടര്‍ന്ന് മത്സരം കുറച്ച് നേരത്തേക്ക് നിറുത്തി വച്ചു
ഇരിങ്ങാലക്കുട: പ്രധാന വേദിയായ ടൗണ്‍ ഹാളില്‍ കേരളനടനം ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് വിഭാഗം മത്സരങ്ങള്‍ ഏറെ വൈകി പത്തേകാലോടെയാണ് ആരംഭിച്ചത്. അവതരണത്തിനിടയില്‍ സ്റ്റേജിലെ മാറ്റില്‍ കാലിടറി മത്സരാര്‍ഥി രണ്ട് തവണ വീഴാന്‍ പോയതിനെ തുടര്‍ന്ന് മത്സരം അല്പനേരത്തേക്ക് നിറുത്തിവച്ചു. തുടര്‍ന്ന് സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാറ്റുകള്ക്കിടയില് സെല്ലുടേപ്പ് ഒട്ടിച്ചതിന് ശേഷമാണ് മത്സരം ആരംഭിച്ചത്. 11 കുട്ടികളാണ് ഈ വിഭാഗത്തില്‍ മത്സരിച്ചത്.