അധികാരികളേ കണ്ണു തുറക്കൂ മുറിച്ചിട്ട മരങ്ങള്‍ വീഴ്ത്തും മനുഷ്യനെ, റോഡരികില്‍ കൂട്ടിയിട്ട മരത്തടികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
ഇരിങ്ങാലക്കുട: കണ്ണൊന്നു തെറ്റിയാല്‍ വണ്ടി മരത്തില്‍ ചെന്നുകയറും. ഇരിങ്ങാലക്കുട പാര്‍ക്കിനു സമീപമുള്ള റോഡിലൂടെ വാഹനം ഓടിക്കുന്നവരാണ് ഒരു നിമിഷം ശ്രദ്ധ മാറിപോയാല്‍ റോഡരികില്‍ വെട്ടിയിട്ട മരത്തില്‍ കയറുന്നത്. റോഡരികില്‍ വഴിയാത്രക്കാര്‍ക്കു അപകട ഭീഷണിയായി നിന്നിരുന്ന മരമാണ് വെട്ടിയത്. എന്നാല്‍ വെട്ടിയ മരം റോഡരികില്‍തന്നെ കൂട്ടിയിടുകയാണ് ചെയ്തത്. അപകടഭീഷണിയായി റോഡരികില്‍ ഈ മരങ്ങള്‍ കിടന്നീട്ട് മാസങ്ങളേറെയായി. ഈ മരങ്ങള്‍ക്കു മീതെ പുല്ലൂകള്‍ വളര്‍ന്ന് കാടുകയറിയ അവസ്ഥയിലാണ് ഇപ്പോള്‍.
നഗരസഭ ഓഫീസിലേക്കുള്ളവരും രാവിലെ മൈതാനത്ത് പ്രഭാത സവാരിക്കിറങ്ങുന്നവരും സ്കൂളുകളിലേക്കുള്ളവരടക്കം നിരവധി കാല്‍നട യാത്രക്കാര്‍ക്കാണ് ഇതുവഴി കടന്നുപോകുന്നത്. രാത്രിസമയങ്ങളില്‍ ഇവിടെ വേണ്ടത്ര വെളിച്ചം ഇല്ലാത്തതിനാല്‍ പല ഇരുചക്ര വാഹനങ്ങള്‍ ഓടുക്കുന്നവര് ഇതു കാണാറില്ല. കഴിഞ്ഞദിവസം ഒരു സ്കൂട്ടര്‍ യാത്രികനു അപകടം പറ്റി. ഇനിയും അപകടങ്ങള്‍ ആവര്ത്തിക്കുന്നതിനുമുമ്പേ റോഡരികിലെ മരത്തടികള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുക്കാരുടെയും വഴിയാത്രക്കാരുടെയും ആവശ്യം.