പതിനൊന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 63 കാരന് 66 വര്‍ഷം തടവ്
ഇരിങ്ങാലക്കുട: പതിനൊന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 66 വര്‍ഷം തടവും 3,20,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി. ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. 2018 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മധുരപലഹാരങ്ങള്‍ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ഒലവക്കോടന്‍ സുലൈമാനെ(63) തിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറായിരുന്ന ഇന്‍സ്പെക്ടര്‍ എസ്. എസ്. ഷിജുവാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 50 വര്‍ഷം കഠിനതടവും കൂടാതെ 16 വര്‍ഷം തടവും 3,20,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 20 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും പ്രതി റിമാന്റ് കാലയളവില്‍ ജയില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്കുവാനും വിധിയില്‍ നിര്‍ദ്ദേശമുണ്ട്.