ഡോ. കെ.എന്. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവര്ണ്ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി അനുമോദനവും കഥകളിയരങ്ങും
ഇരിങ്ങാലക്കുട: ഡോ.കെ.എന്. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ സുവര്ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് അധ്യക്ഷതവഹിച്ചു. പ്രതാപ് സിംഗ്, കലാനിലയം രാഘവന്, പ്രഫ. വി.കെ. ലക്ഷ്മണന് നായര്, കലാനിലയം ഗോപാലകൃഷ്ണന്, അമ്മന്നൂര് കുട്ടന്ചാക്യാര്, കലാനിലയം ഗോപി കലാനിലയം ഉദയന്നമ്പൂതിരി, കലാമണ്ഡലം രവികുമാര്, സരിത കൃഷ്ണകുമാര്, കലാനിലയം രതീഷ്, വൈഗ കെ.സജീവ്, പീശപ്പിള്ളി രാജീവന് എന്നിവരെ ക്ലബിന്റെ സുവര്ണമുദ്രണംനല്കി ആദരിച്ചു. ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി, സെക്രട്ടറി രമേശന് നമ്പീശന് എന്നിവര് പ്രസംഗിച്ചു.
തുടര്ന്ന് മുദ്ര അസോസിയേഷന് ഫോര് ആര്ട്സ് ആന്ഡ് കള്ച്ചറിന്റെ സഹകരണത്തോടെ നരകാസുരവധം കഥകളി അരങ്ങേറി. പീശപ്പിള്ളി രാജീവന് നരകാസുരനായും കലാമണ്ഡലം പ്രവീണ് നരകാസുരപത്നിയായും കലാമണ്ഡലം ചിനോഷ് ബാലന് ഇന്ദ്രനായും വേഷമിട്ടു. കലാമണ്ഡലം അജേഷ് പ്രഭാകര്, കലാമണ്ഡലം യശ്വന്ത് എന്നിവര് പാട്ടിലും കലാമണ്ഡലം രവിശങ്കര്, കലാമണ്ഡലം ആകാശ് ചെണ്ടയിലും കലാനിലയം ഉണ്ണിക്കൃഷ്ണന്, കലാമണ്ഡലം നാരായണന് മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാനിലയം പ്രശാന്ത് ചുട്ടികുത്തി. ഇരിങ്ങാലക്കുട രംഗഭൂഷ ചമയമൊരുക്കി. ഊരകം നാരായണന്നായര്, നാരായണന്കുട്ടി, കലാനിലയം ശ്യാം മനോഹര് എന്നിവര് അണിയറ സഹായികളായി.