കായികരംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം
ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് ട്രാക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററും അനുവദിച്ച് നല്കാന് ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തും: കേന്ദ്ര മന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് ട്രാക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററും അനുവദിച്ച് നല്കാന് ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
തുടര്‍ച്ചയായി എട്ടാം തവണയും സര്‍വകലാശാല തലത്തില്‍ കായിക കിരീടം സ്വന്തമാക്കിയ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികളെയും കായിക അധ്യാപകരെയും മാനേജ്മെന്റിന്റെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ ഭാവിയില്‍ ഇന്ത്യ ഒളിംപിക്സിന് ആതിഥ്യം വഹിക്കുമെന്നും അന്ന് തൃശൂരില്‍ നിന്ന് ഒരു ഒളിംപിക് മെഡല്‍ ഉണ്ടാവുന്നത് തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് അനുസരിച്ച് കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രയുടെയും മുഴുവന്‍ എംപി യായി പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരും. തന്റെയുള്ളില്‍ പ്രണയത്തിന്റെ കാറ്റ് വീശിയത് ക്രൈസ്റ്റിന്റെ അങ്കണത്തില്‍ നിന്നാണെന്ന് ഇടവേള എന്ന ചിത്രത്തെയും സംവിധായകന് മോഹനെയും നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയെയും പരാമര്‍ശിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. മേരി പത്രോസ് നന്ദിയും പറഞ്ഞു. നേരത്തെ ക്രൈസ്റ്റ് കോളജിന്റെ ഭാഗമായ സ്നേഹഭവന് ക്യാമ്പസില്‍ സജ്ജീകരിച്ചിട്ടുള്ള ഇന്നവേഷന്‍സ് സെന്ററിന്റെയും ആഗ്രോപാര്ക്കിന്റെയും ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.