അധികൃതരുടെ അനാസ്ഥയും അവഗണനയും, ഗാന്ധി ജയന്തി ദിനത്തില്‍ ഏകദിന നിരാഹാരസമരം
തോടുകളിലെ കൈയേറ്റം; ചെറിയ മഴയില്‍ പോലും വെള്ളക്കെട്ട് രൂക്ഷം
ഇരിങ്ങാലക്കുട: ടൗണ്‍ പ്രദേശത്ത് ചെറിയ മഴ പെയ്താല്‍ പോലും ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗര്‍ റസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഏകദിന നിരാഹാരസമരം നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നഗരസഭക്കു മുന്നിലും സമരം നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രദേശത്തുകൂടെ ഒഴുകുന്ന പെരുതോടിന്റെ വീതി രേഖകളില്‍ ആറു മീറ്റര്‍ ആണ്. എന്നാല്‍ ഈ തോടിന് പലയിടത്തും കൈയേറ്റം മൂലം മൂന്നു മീറ്ററില്‍ താഴെയാണ് വീതി. ഇതു മൂലം മഴവെള്ളം ഒഴുകി പോകുവാന്‍ സാധിക്കാത്തിനാല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ക്രൈസ്റ്റ് കോളജ് പരിസരത്തുനിന്നും വരുന്ന മഴവെള്ളം പ്രതീക്ഷഭവന് റോഡ് വരെ ശക്തിയായി ഒഴുകിയെത്തുന്നു. തുടര്‍ന്ന് 200 മീറ്ററോളം കാനയില്ലാത്തതിനാല്‍ റോഡിലും വീടുകളിലും വെള്ളം കയറുന്നത് കാലങ്ങളായി തുടരുകയാണ്.
കാനപണി കഴിഞ്ഞ സ്ഥലത്ത് സ്ലാബ് ഇടാത്തതു മൂലം കാല് നടയാത്രക്കാരും മറ്റും അപകടങ്ങളില്‍ പെടുന്ന അവസ്ഥയാണ്. കോളജില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ദിവസവും നടന്നുപോകുന്ന വഴിയാണിത്. പാറപ്പുറം കുളത്തിലേക്ക് വെള്ളം ഒഴുകി വരുന്ന തോടിന്റെ വീതി മൂന്നു മീറ്റര്‍ ആണ്. എന്നാല്‍ പാറപ്പുറം കുളം മുതല്‍ പെരുംതോട് വരെ തോടില്ലാത്ത അവസ്ഥയാണ്. വാട്ടര്‍ ടാങ്ക് പരിസരങ്ങളില്‍ നിന്നും മങ്ങാടികുന്നിന്റെ താഴ്വരകളില്‍ നിന്നും ഒഴുകിവരുന്ന മഴവെള്ളം, പാറപ്പുറം കുളത്തില്‍ വന്ന് അവസാനിക്കുന്നു.
ഇവിടെനിന്നും വെള്ളം ഒഴുകി പോകേണ്ട തോട് പലരും കരിങ്കല്‍ ഭിത്തി കെട്ടി കൈയ്യേറി തോടിന്റെ വീതി ഒന്നരമീറ്ററായി ചുരുങ്ങിയതിനാല്‍ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെടുന്നു. ഇതുമൂലം അംബേദ്കര്‍ റോഡ്, അല്‍വേര്‍ണിയ ലിങ്ക് റോഡ്, നന്മ റസിഡന്റ്സ്, ഹില്‍വ്യു റോഡ്, ഹില്‍വാല്യു റോഡ് പ്രതീക്ഷ ഭവന് റോഡ് എന്നീ റോഡുകളില്‍ ഇതുമൂലം ഒരു ചെറിയ മഴ പെയ്യുമ്പോള്‍പോലും ഈ റോഡുകളില്‍ വെള്ളം കയറി ഗതാഗതതടസ്സവും, ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷവും ആണ്.
ഗാന്ധി സ്മരണയ്ക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം
ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി രാവിലെഏഴു മുതല്‍ വൈകീട്ട് ആറു വരെ നിരാഹാര സത്യഗ്രഹം നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോംസണ്‍ ചിരിയന്‍കണ്ടത്ത് അധ്യക്ഷത വഹിക്കും. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രതീക്ഷാ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ബോബന്, അസോസിയേഷന് സെക്രട്ടറി ഷാജു അബ്രാഹം കണ്ടംകുളത്തി, ട്രഷറര്‍ മാത്യു ജോര്‍ജ്, പൊതു പ്രവര്‍ത്തകരായ ഷാജു വാവക്കാട്ടില്‍, സിസ്റ്റര്‍ റോസ് ആന്റോ, രാജു പാലത്തിങ്കല്‍, ജീസ് ലാസര്‍, വിന്‍സന്റ് കണ്ടംക്കുളത്തി തുടങ്ങിയവര്‍ സംസാരിക്കും.