കാത്തിരിപ്പ് വലിയ പാലത്തിനായി
ഫണ്ട് കാത്ത് കോടംകുളം പുളിക്കലച്ചിറ പാലം
പായമ്മല്‍: ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പുളിക്കലച്ചിറ പാലം പുനര്‍നിര്‍മാണം ഇനിയും ആരംഭിക്കാനായില്ല. പുതുക്കിയ പദ്ധതി പ്രകാരം കൂടുതല്‍ തുക ആവശ്യമായി വന്നതാണ് നിര്‍മാണം വൈകാന്‍ കാരണം. പാലം പുനര്‍നിര്‍മാണത്തിന് നേരത്തെ തന്നെ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പുതിയതായി സമര്‍പ്പിച്ച പദ്ധതി പ്രകാരം പാലത്തിനും അനുബന്ധപ്രവര്‍ത്തികളും പൂര്‍ത്തിയാക്കാന്‍ 1.65 കോടി വേണം. ഒരു കോടിക്ക് പുറമേ ശേഷിക്കുന്ന 65 ലക്ഷത്തിന് പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗം സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും ഭരണാനുമതി ലഭിച്ചിട്ടില്ല. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തേയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളത്തേയും ബന്ധിപ്പിക്കുന്നതാണ് പാലം. പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്. 2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ വീതി കുറഞ്ഞത് മൂലം പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായിരുന്നു. നാലമ്പല തീര്‍ത്ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മുന്‍ എംഎല്‍എയുടെ കാലത്താണ് പാലം പുതുക്കി നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 35 ലക്ഷം ആദ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും നാട്ടുകാര്‍ വലിയ പാലം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ പുതുക്കിയ പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. പുതിയ പാലം നിര്‍മാണത്തിന് മുന്നോടിയായി പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കല്‍ സര്‍വ്വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ രൂപരേഖയ്ക്ക് പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പാലത്തിന് ഇരുവശത്തും അപ്രോച്ച് റോഡ് അടക്കമുള്ളവ പൂര്‍ത്തിയാക്കാന്‍ പുതുക്കിയ പദ്ധതിയാണ് പിഡബ്ല്യൂഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.