ക്രൈസ്റ്റ് എന്‍എസ്എസിന് ഇരട്ടിമധുരം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവര്‍ഷത്തിലെ എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് അവാര്‍ഡുകളുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് തിളങ്ങിനിന്നു. 2021-22 അധ്യയനവര്‍ഷത്തിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി ക്രൈസ്റ്റ് കോളജും മികച്ച പ്രോഗ്രാം ഓഫീസറായി ജിയോളജി ആന്‍ഡ് എന്വിയോണ്മെന്റല് സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. തരുണ്‍ ആറിനെയും മികച്ച വോളണ്ടിയര്‍ ആയി മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ജോണ്‍ ജോജുവിനെയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി 2016, 2019, 2022 വര്‍ഷങ്ങളില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറിനുള്ള അവാര്‍ഡ് ലഭിക്കുന്ന ക്രൈസ്റ്റ് കോളജിന് 2020, 2021, 2022 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച എന്‍എസ്എസ് വോളണ്ടിയറിനുള്ള അവാര്‍ഡ് ലഭിക്കുന്നത്. റെജുവനേറ്റ് എന്ന പദ്ധതിയിലൂടെ പാഴ്വസ്തുക്കളുടെ പുനരുപയോഗം, പേനകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമാക്കിയുള്ള പെന്‍ഡ്രൈവ്, കാഴ്ച പരിമിതര്‍ക്കുവേണ്ടിയുള്ള ശ്രവ്യം, വിദ്യാര്‍ഥികള്‍ക്കായി നോട്ടുപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്ന എന്റെ പുസ്തകം, വിദ്യാര്‍ഥികള്‍ക്കായി ടെക്സ്റ്റ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ലിബര്‍ ഖാസ, വീടുകളിലും വിദ്യാലയങ്ങളിലും തൈകള്‍ വിതരണം ചെയ്യുന്ന ആരാമം എന്നീ പദ്ധതികള്‍ ക്രൈസ്റ്റ് എന്‍എസ്എസിനെ വ്യത്യസ്തമാക്കുന്നു.