മാല മോഷണശ്രമം; രണ്ട് സ്ത്രീകള്‍ പിടിയില്‍, മാല നഷ്ടപ്പെട്ടതായി പരാതി.
രണ്ടു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.
ഇരിങ്ങാലക്കുട: കത്തിഡ്രല്‍ ദേവാലയത്തില്‍ ദുഖ:വെള്ളി ദിനാചരണ പരിപാടികള്‍ക്കിടയില്‍ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകള്‍ പിടിയിലായി. തമിഴ്നാട് ദിണ്ഡിഖല് സ്വദേശികളായ മുത്താത്ത (35) ശിങ്കമ്മാ (41) എന്നിവരാണ് പിടിയിലായത്. പരിഹാരപ്രദക്ഷിണത്തിനിടയില്‍ ഗാന്ധിഗ്രാം മാളിയേക്കല്‍ വീട്ടില്‍ പോള്‍ ഭാര്യ ത്രേസ്യയുടെ രണ്ട് പവന്റെ താലിമാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ത്രേസ്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിഹാര പ്രദക്ഷിണം സമാപിക്കുന്ന സമയത്ത് ദേവാലയങ്കണത്തില്‍ വച്ച് മറ്റൊരു വൃദ്ധയുടെ മാല കവരുവാന്‍ അറസ്റ്റിലയ സ്ത്രീകള്‍ ശ്രമം നടത്തിയിരുന്നു. മാല വലിച്ചെടുക്കുന്നതില്‍ സംശയം തോന്നിയ വൃദ്ധ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട സിഐ അനീഷ് കരിമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു. മാലമോഷണ സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടാകാനിടയുണ്ടെന്നും മുന്‍പും സമാന രീതിയില്‍ കേസുകളില്‍ ഉള്‍പെട്ടവരാണ് പ്രതികള്‍ എന്നും പോലിസ് പറഞ്ഞു.