ടോറസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവിനു ദാരുണാന്ത്യം
ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരന് മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകന് ഷൈജു (43)വാണ് മരിച്ചത്. ഇടവക ദിനാചരണത്തിന്റെ ഭാഗമായി മാപ്രാണം പള്ളിയിലെ പരിപാടികള്‍ കഴിഞ്ഞ് ഭാര്യയെയും ഒരു കുട്ടിയെയും സ്കൂട്ടറില്‍ വീട്ടില്‍ കൊണ്ട് വന്ന് ആക്കിയതിന് ശേഷം മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയ്ക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് കയറി അപകടം നടന്നത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന് മരണം സംഭവിക്കുകയായിരുന്നു. പരിക്കറ്റ എവ്ലിന് ആന്റണി, എഡ്വിന് ആന്റണി എന്നിവര്‍ ചികില്‍സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മകന് എഡ്വിന് ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഷൈജുവിന്റെ സംസ്കരം ഇന്ന് രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ നടക്കും. അമ്മ -റോസിലി. ഭാര്യ-ആന്‍സി.മക്കള്‍-എവ്ലിന് ആന്റണി, എഡ്വിന് ആന്റണി, ഇവാന് ആന്റണി. കുറച്ച് ദിവസങ്ങളായി റോഡരികില്‍ കേടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് അപകട സൂചനകള്‍ നല്കുന്ന റിഫ്ലക്റ്ററുകള്‍ സ്ഥാപിച്ചിരുന്നില്ലെന്നു നാട്ടുക്കാര് പരാതിപ്പെട്ടു.