തുടര്‍ച്ചയായ മഴയില്‍ പടിയൂര്‍ പഞ്ചായത്തില്‍ വീട് തകര്‍ന്നു

ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കനത്ത നഷ്ടം. പടിയൂര്‍ പഞ്ചായത്തില്‍ ഓടിട്ട വീട് പൂര്‍ണ്ണമായും തകര്‍ന്നു. പടിയൂര്‍ വളവനങ്ങാടി തവളക്കുളത്തിന് അടുത്ത് പരേതനായ വാക്കാട്ട് ശിവരാമന്റെ ഭാര്യ ശാരദയുടെ വീടാണ് തകര്‍ന്ന് വീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. വീട് അപകടാവസ്ഥയിലാണെന്ന ആശങ്കയെ തുടര്‍ന്ന് ശാരദയെ ഇളയ മകളുടെ നേത്യത്വത്തില്‍ ശാരദയുടെ മൂത്ത മകള്‍ക്ക് വേണ്ടി അധ്യാപക സംഘടന നിര്‍മ്മിച്ച് നല്കുന്ന വീട്ടിലേക്ക് മാറ്റിയിരുന്നു. പടിയൂരില്‍ തന്നെ വട്ടപ്പറമ്പില്‍ ഷെബീറിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് നഷ്ടം ഉണ്ടായിട്ടുണ്ട്. മുരിയാട് വില്ലേജില്‍ കുന്നത്ത്പറമ്പില്‍ എബ്രഹാം, കറുപ്പശ്ശേരി തോമസ്, മംഗലത്ത് പീറ്റര്‍, ആലപ്പാട്ട് വര്‍ഗ്ഗീസ്, അരിയാടന് ജിനി ,കല്ലേരി ജോയി എന്നിവരുടെ കൂട്ടായ പേരിലുള്ള വസ്തുവില്‍ സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗം ഇടിഞ്ഞിട്ടുണ്ട്.