ചാരിറ്റിയുടെ മറവില്‍ സൈബര്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ചാരിറ്റിയുടെ മറവില്‍ സൈബര്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ആവാലാ സ്വദേശിയായ മന്നമാള്‍ വീട്ടില്‍ ലത്തീഫ് (44) നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ അബ്ദുള്‍ രഹ്മാന് (70) നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. 22 ലക്ഷത്തോളം രൂപ തട്ടിച്ചതായാണ് പരാതിയിലുള്ളത്.
പ്രതി നദീറാഷാന് എന്ന പ്രവാസിയായ യുവതിയാണെന്നും നിരന്തരമായി ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ കൈമാറി അബ്ദുള്‍ രഹ്മാനെ വിശ്വാസത്തിലെടുത്ത് അബ്ദുള്‍ രഹ്മാന്റെ ചാരിറ്റി പ്രവര്‍ത്തനത്തിലുളള താല്പര്യം മനസ്സിലാക്കി തന്റെ 11 വയസുളള മകള്‍ക്ക് ബ്ലഡ് ക്യാന്‍സറാണെന്നും ഗള്‍ഫിലെ ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണെന്നും 20 ലക്ഷം രൂപയോളം ഇപ്പോള്‍ തന്നെ ചിലവായിട്ടുണ്ടെന്നും തന്റെ പ്രിയപ്പെട്ട മകളെ രക്ഷിക്കുന്നതിനു സഹായിക്കണമെന്നും ഗഢുക്കളായി തിരിച്ചുതരാമെന്നും അബ്ദുള്‍ രഹ്മാനോട് ആവശ്യപ്പെട്ടു.
റഹ്മാന് 15 ലക്ഷത്തോളം രൂപ വിവിധ തവണകളിലായി ഗൂഗിള്‍ പേ വഴി വാങ്ങി. തുടര്‍ന്ന് ഇയാള്‍ തന്റെ കെണിയില്‍ വീണെന്ന് മനസിലാക്കിയ പ്രതി, നദീറാഷാനിന്റെ അനുജത്തിയുടെ ഭര്‍ത്താവായ ലത്തീഫ് ആണെന്നു പരിചയപ്പെടുത്തുകയും ലത്തീഫിനും ക്യാന്‍സറാണെന്നും കോഴിക്കോട് ആസ്റ്റര്‍ മിംമ്സ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ച് എട്ടു ലക്ഷത്തോളം രൂപ വിവിധ തവണകളിലായി അയച്ചു വാങ്ങിയിട്ടുള്ളതാണ്.
പിന്നീട് അബ്ദുള്‍ റഹ്മാന്റെ ചാരിറ്റിയിലുളള താല്പര്യം മനസ്സിലാക്കിയ പ്രതി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരില്‍ വ്യാജമായി എടുത്ത സിം കാര്‍ഡുകളുപയോഗിച്ച് അബ്ദുള്‍ റഹ്മാനെ വിവിധ വ്യാജപേരുകളില്‍ വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴും താന്‍ മാസങ്ങളായി അയച്ചുകൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍ ലഭിക്കാതെ ആയപ്പോഴാണ് താന്‍ ചതി ചെയ്യപ്പെട്ടു എന്ന് മനസിലാക്കിയതും ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതും.
തുടര്‍ന്ന് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുളളതും തുടര്‍ന്ന് സൈബര്‍ പോലീസ് ഫെസ്ബുക്ക് വഴിയും ഗൂഗിള്‍ പേ വഴിയും ബാങ്ക് ട്രാന്സേഷന് വഴിയും വിവിധ സിം കാര്‍ഡ് കോളുകള്‍ വഴിയും സമഗ്ര അന്വേഷണം നടത്തിയതിലൂടെയാണ് പ്രതി അബ്ദുള്‍ ലത്തീഫ് അറസ്റ്റിലാവുന്നത്. കോഴിക്കോട് സ്വദേശയായ ഇയാള്‍ ഫെസ്ബുക്കില്‍ നിന്നും ലഭിച്ചിട്ടുളള സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് എട്ടോളം വ്യാജ ഫെസ്ബുക്ക് അക്കൗണ്ടുകളുപയോഗിച്ച് വരുന്നതാണെന്നും വിവിധ ചാരിറ്റിപ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ച് അവരുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിവരുന്നത്.
പോലീസ് പരിശോധനയില്‍ പ്രതിക്ക് വിവിധ ബാങ്കുകളിലായി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പേരില്‍ ആറോളം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും 10 ലധികം സിം കാര്‍ഡുകളുണ്ടെന്നും കണ്ടെത്തിയിട്ടുളളതാണ്. പ്രതിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തിവരുന്ന സമാനമായ സൈബര്ത്തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് സൈബര്‍ പോലീസ് പരിശോധിച്ച് വരുന്നതാണ്.
ലത്തീഫിന് കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ 2021 ല്‍ ഒരു അടിപിടി കേസും മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ ഗവണ്മെന്റ് സെര്‍വെന്റിന്റെ കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയ കേസും 2022 ല്‍ ഒരു കളവു കേസും തീവെപ്പു കേസുമായി നാല് ക്രിമിനല്‍ കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാ്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്ഐ സൂരജ്, എസ്ഐ ബെന്നി, എസ്ഐ അശോകന്, എഎസ്ഐ അനൂപ്, സച്ചിന്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.