ജന്മനാടിന്റെ ദാഹമകറ്റാന്‍ സൗജന്യമായി ഭൂമി നല്കി പ്രവാസിയായ ഊരകം സ്വദേശി
ഇരിങ്ങാലക്കുട: ജന്മനാടിന്റെ ദാഹമകറ്റാന്‍ സൗജന്യമായി ഭൂമി നല്കി പ്രവാസിയായ ഊരകം സ്വദേശി നഗരസഞ്ചയികാ പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ സൗജന്യമായി മൂന്ന് സെന്റ് ഭൂമി നല്കി പുല്ലൂര്‍ ഊരകം സ്വദേശിയും ബഹറിന്‍ പ്രവാസിയുമായ ഡേവിസ് ടി. മാത്യു. അന്തരിച്ച തന്റെ ഭാര്യ റോസിലിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങള്‍ വില വരുന്ന ഭൂമി തന്റെ പ്രിയപ്പെട്ട നാടിന്റെ നന്മക്കായി ഡേവിസ് ടി. മാത്യു നല്‍കിയത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭിക്കാതെ, കിട്ടിയ പദ്ധതി നഷ്ടത്തിലാകുമോ എന്ന ആശങ്ക പങ്കു വെച്ച വാര്‍ഡ് മെമ്പറും പഞ്ചായത്തു പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളിയോട് തന്റെ ഭൂമി വിട്ടു തരാനുള്ള സമ്മതം അറിയിക്കുകയായിരുന്നു ഡേവിസ് ടി. മാത്യു. ബഹറിനില്‍ പ്രവാസ ജീവിതം നയിക്കുന്ന അറിയപ്പെടുന്ന സമൂഹ്യ പ്രവര്ത്തകന് കൂടിയാണ് ഡേവിസ് ടി. മാത്യു. ബഹറിന്‍ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോര്‍ഡിനേറ്ററായിരുന്ന അദ്ദേഹം ഇപ്പോള്‍ അവാലി കത്തീഡ്രല്‍ മലയാളി കമ്യൂണിക്കേഷന്റെ കോര്‍ഡിനേറ്ററും ബഹറിന്‍ ഊരകം സെന്റ് ജോസഫസ് കമ്യൂണിറ്റിയുടെ രക്ഷാധികാരിയും കൂടിയാണ്. പ്രിയതമയുടെ ഓര്‍മ്മക്കായി സൗജന്യമായി വിട്ടു നല്കുന്ന ഭൂമിയുടെ പ്രാഥമിക രേഖകള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടേയും പഞ്ചായത്തംഗം മനീഷാ മനീഷിന്റെയും, തന്റെ മക്കളായ ഡാരിയോണ്, ഡെറോണ്‍, ഡെറോസ് എന്നിവരുടെയും സാന്നിധ്യത്തില്‍ ഡേവിസ് ടി. മാത്യു പഞ്ചായത്ത് സെക്രട്ടറി റെജി പോളിന് കൈമാറി.