താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ തിരുനാൾ ഇന്ന്

ദേവാലയം ദീപാലംങ്കാര പ്രഭയിൽ.
താഴെക്കാട്: താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിലെ തിരുനാൾ ഇന്ന്. രാവിലെ രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും ദിവ്യബലി, 10.30 നു ഫാ. സിബു കള്ളാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. റവ.ഡോ. സിജു കൊമ്പൻ തിരുനാൾ സന്ദേശം നല്കും. ഉച്ചതിരിഞ്ഞു 3.30 നു ദിവ്യബലി, തുടർന്നു 100 സ്വർണ കുരിശുകൾ, 1000 പട്ടുകുടകൾ, വിവിധ തരം മേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം, തുടർന്നു വർണമഴ എന്നിവ നടക്കും. ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്തംഗം അഡ്വ. എം.കെ വിനയൻ, എന്നിവർ സന്നിഹിതരായിരുന്നു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ടോണി പാറേക്കാടൻ, റസിഡന്റ് പ്രീസ്റ്റ് ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ജെയ്ക്കബ് കുഴുവേലി, തോമസ് തെക്കേത്തല, ബെന്നി തൊമ്മാന, ജോസഫ് പള്ളിപ്പാട്ട്, തിരുനാൾ ജനറൽ കൺവീനർ ജോൺസൺ നെരെപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും നിരവധി വിശ്വാസികൾ താഴേക്കാട് പള്ളി തിരുനാളിന് എത്തിച്ചേരുന്നതിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. ഇന്നും നാളെയും ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും പ്രത്യേക സർവീസുകൾ ഉണ്ടാകും. ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 10.50, ഉച്ചയ്ക്ക് 1.40, വൈകിട്ട് 5.20 നും ചാലക്കുടിയിൽ നിന്നും രാവിലെ 9.30, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 7 മണി എന്നിങ്ങനെയുമാണ് സർവീസുകൾ.