സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണം
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം സ്കൂളുകളില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും സ്കൂള്‍ പിടിഎ പ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
സ്കൂള്‍തല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്റെയും സവിശേഷത പരിഗണിച്ച് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും. സ്കൂള്‍ പരിസരത്ത് ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധിക്കും. കുട്ടികളില്‍ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും ശുചിത്വ അംബാസഡറുകളായി കുട്ടികള്‍ വേണമെന്നും സ്കൂള്‍ തുറക്കലിന് മുന്നോടിയായി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തില്‍ എന്‍എസ്എസ്, എസ്പിസി, സ്കൗട്ട് ക്ലബുകളും പങ്കാളികളാകും. ജൈവമാലിന്യം സ്കൂളില്‍ തന്നെ സംസ്കരിച്ച് ക്യാമ്പസ് കൃഷിക്കും പൂന്തോട്ട നിര്‍മ്മാണത്തിനും ഉപയോഗിക്കാന്‍ സംവിധാനമൊരുക്കും. സ്കൂളിലെ ജൈവമാലിന്യം ഉപയോഗിച്ച് കൃഷി പ്രോത്സാഹിക്കും.