മികച്ച അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബാബു കെ. തോമസ് പടിയിറങ്ങി
ഇരിങ്ങാലക്കുട: നീണ്ട 26 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍ നിന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് പടിയിറങ്ങി. സബ് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിലെ കുപ്രസിദ്ധ കൊലപാതകങ്ങള്‍, മോഷണം, ക്രിമിനല്‍ കേസുകളില്‍ മികവാര്‍ന്ന അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ്. നിരവധി കേസുകളില്‍ പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ചേര്‍പ്പില്‍ അനുജന് ജേഷ്ഠനെ കൊന്നു കുഴിച്ചിട്ട ബാബു കൊലപാതകം, കല്‍ക്കത്ത സ്വദേശിയെ ഭാര്യയും കാമുകനും അടിച്ചു കൊന്ന് കുഴിച്ചിട്ട മന്‍സൂര്‍ മാലിക് കൊലപാതകം, കടലാശ്ശേരി സ്വദേശിനിയായ 78 വയസുകാരിയെ ചെറുമകന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാല കവര്‍ന്ന കൗസല്യ കൊലപാതകം, ആളൂരിലെ രാമകൃഷ്ണന് കൊലപാതകം അടക്കമുള്ള കേസുകള്‍ തെളിയിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2022 ല്‍ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളില്‍ അജ്ഞാതന്‍ മരിച്ചു കിടന്ന സംഭവം കൊലപാതകമെന്നു തെളിഞ്ഞത് മറ്റൊരു അന്വേഷണ മികവാണ്. നാടും വീടും വിട്ടു നടക്കുന്ന രണ്ടു പ്രതികളെ ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. കൂടാതെ കാട്ടൂരിലെ കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ പൂനയില്‍ നിന്ന് പിടികൂടി ജയിലടച്ചത്, മാള സ്റ്റേഷനില്‍ കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം ആസാമില്‍ നിന്ന് പിടികൂടിയതും, മറ്റൊരു കൊലപാതക കേസ് പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയതും ഇക്കാലയളവിലാണ്. വളരെ ആത്മാര്‍ഥതയോടെ, കൃത്യതയോടെ സത്യസന്ധമായ രീതിയിലുള്ള അന്വേഷണ മികവോടെയായിരുന്നു എല്ലാ കേസന്വേഷണങ്ങളും. മലപ്പുറം ജില്ലയിലെ അരീക്കോട് മൈമ്മൂന കൊലപാതകം, കോട്ടയ്ക്കല്‍ ഇരട്ട കൊലപാതകം, കുന്ദംകുളത്തെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം കൂടാതെ നിരവധി മയക്കു മരുന്ന് കേസുകളിലെ പ്രതികളെ പിടികൂടിയതടക്കമുള്ള മികച്ച അന്വേഷണങ്ങള്‍ ഉണ്ട് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണറായും, തൃശൂര്‍ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണറായും പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും എറണാകുളത്ത് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997ല്‍ തൃശൂര്‍ ജില്ലാ ട്രഷറിയില്‍ ജൂറിയര്‍ അക്കൗണ്ടന്റായിട്ടായിരുന്നു സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി പ്രവേശിക്കുന്നത്. പിന്നീട് 2003 മെയ് മാസത്തിലാണ് സബ് ഇന്‍സ്പെക്ടറായി ജോലി നേടുന്നത്. തിരുവനന്തപുരം പോലീസ് ട്രെയിനിംങ്ങ് കോളജില്‍ നിന്ന് എസ്ഐ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കാ മലയന്‍കീഴ് സ്റ്റേഷനുകളില്‍ പ്രൊബേഷന്‍ കഴിഞ്ഞ് കൊല്ലം വെസ്റ്റ് സ്റ്റേഷനിലാണ് ആദ്യമായി സബ് ഇന്‍സ്പെക്ടറായി നിയമനം ലഭിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി, തിരുരങ്ങാടി, തിരൂര്‍ സ്റ്റേഷനുകളില്‍ എസ്ഐ ആയും മഞ്ചേരി, തിരൂര്‍, വിജിലന്‍സ്, നെടുമ്പാശേരി എയര്‍പോര്‍ട്ട്, ചാലക്കുടി, കുന്ദംകുളം എന്നിവിടങ്ങളില്‍ സിഐ ആയും സേവനം അനുഷ്ഠിച്ചു. 2021 ജൂലൈ മാസം എറണാകുളം ക്രൈം ബ്രാഞ്ചില്‍ നിന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി യായി ചുമതല ഏല്‍ക്കുന്നത്.