വയനാടന്‍ തീക്കറുപ്പന്‍ തുമ്പിയെ ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷക സംഘം കണ്ടെത്തി
ഇരിങ്ങാലക്കുട: ഗവേഷക സംഘം പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടന്‍ തീക്കറുപ്പന്‍ (എപ്പിതെമിസ് വയനാടെന്‍സിസ്) എന്ന് പേര് നല്കി. പശ്ചിമഘട്ടത്തില്‍ ഉടനീളം കാണപ്പെടുന്ന തീക്കറുപ്പന്‍ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതല്‍ കറുപ്പും, ചോരച്ചുവപ്പുമാണ്. ഈ ജനുസ്സില്‍ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്.
വയനാടന്‍ കാടുകളിലെ ചതുപ്പ് പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയ ഈ സുന്ദരന്‍ തുമ്പിയെ വര്‍ഷത്തില്‍ ഏകദേശം ഒരു മാസക്കാലത്തേക്ക് (ഒക്ടോബര്‍) മാത്രമേ കാണാനാവൂ. ബാക്കി കാലം ചതുപ്പില്‍ ലാര്വയായാണ് ഇത് കഴിയുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രന്, ഡോക്ടര്‍ സുബിന് കെ ജോസ്,
പ്രകൃതിനിരീക്ഷകനും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ ഡേവിഡ് രാജു, ജര്‍മനിയിലെ മാക്സ് പ്ലാന്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകന് സീഷാന്‍ മിര്‍സ എന്നിവരാണ് പുതിയ തുമ്പിയെ കണ്ടെത്തിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ജനിതക വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു പുതിയ തുമ്പിയെക്കുറിച്ചുള്ള വിവരണം പുറത്തുവരുന്നതെന്ന് സംഘം പറഞ്ഞു.
നിലവിലെ അറിവുവെച്ച് ജൈവവൈവിധ്യ സമ്പന്നമായ വയനാട് പീഠഭൂമിയില്‍ മാത്രമാണ് ഈ തുമ്പി ഉള്ളത്. വയനാടന്‍ തീക്കറുപ്പന്റെ കണ്ടെത്തലിന്റെ വിവരങ്ങള്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേര്‍ണല്‍ ഓഫ് ഏഷ്യ പസിഫിക് ബയോഡൈവേഴ്സിറ്റിയില്‍ പ്രസിദ്ധീകരിച്ചു.