സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുനാള്
ഇരിങ്ങാലക്കുട: സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുനാള്. ജീവന് പകുത്തു നല്കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി ഇരുപത്തിരണ്ട് ലക്ഷത്തോളം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുനാളിനോടനുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച 14,14000 രൂപയും അകാലത്തില്‍ മരണമടഞ്ഞ കത്തീഡ്രല്‍ ദേവാലയത്തിലെ ഗായക സംഘത്തിലെ തെരേസ ഡേവീസിന്റെ ഒര്മയ്ക്കായി വീട്ടുക്കാര് നല്കിയ ഏഴ് ലക്ഷം രൂപയും കത്തീഡ്രല്‍ സിഎല്‍സി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 15,000 രൂപയും ദിവ്യബലി മധ്യേ ബിഷപ്പിനു കൈമാറി.
പ്രസുന്തേദി വാഴ്ചയിലൂടെ 1414 പേര് ആയിരം രൂപ വീതം നല്കി സമാഹരിച്ച 14,14000 രൂപ രൂപ തുക പ്രസുദേന്തി കണ്‍വീനര്‍ വിനു ആന്റണി, ജോയിന്റ് കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറേക്കാരന്‍ എന്നിവര്‍ ചേര്‍ന്നു ബിഷപ്പിനു കൈമാറി. തെരേസ ഡേവീസിന്റെ ഓര്‍മക്കായി വീട്ടുക്കാര് നല്കിയ തുക ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍ എന്നിവര്‍ ബിഷപ്പിനു കൈമാറി. കത്തീഡ്രല്‍ സിഎല്‍സി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക പ്രസിഡന്റ് കെ.പി. നെല്‍സണ്‍, കണ്‍വീനര്‍ സ്റ്റീവ് ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ബിഷപ്പിനു കൈമാറി. ബിഷപ് ഈ തുകകള്‍ വികാരി ഫാ. പയസ് ചെറപ്പണത്തിനെ ഏല്‍പ്പിച്ചു.
കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സാ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുകകള്‍ വിനിയോഗിക്കുക. ഈ വര്‍ഷം ഒന്നര കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തീഡ്രല്‍ ഇടവക സമൂഹം ചെലവഴിക്കുക.
കോമ്പാറ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യ ഡയാലിസിസ് പദ്ധതിക്കു അമ്പതിനായിരം ൂപ കൈമാറി. കോമ്പാറ അമ്പ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കോര്‍ഡിനേറ്റര്‍ മിനി കാളിയങ്കര എന്നിവര്‍ ചേര്‍ന്ന് സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍ അഡ്മനിനിസ്റ്റര് സിസ്റ്റര്‍ ഡോ. സുമക്കു കൈമാറി.
പിണ്ടിപ്പെരുന്നാളിന് ആശംസകളുമായി ബിജെപി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപ്പെരുന്നാളിന് ആശംസകളുമായി ബിജെപി നേതാക്കള്‍ പള്ളിയിലെത്തി. വികാരി ഫാ. പയസ് ചെറപ്പണത്തിനെ പൊന്നാടയണിച്ച് ആദരിച്ച് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പള്ളി കൈക്കാരന്മാരുമായി സൗഹൃദം പങ്കുവച്ച് നേര്‍ച്ചയും അര്‍പ്പിച്ചാണ് മടങ്ങിയത്. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് അമ്പിളി ജയന്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചാലിശേരി, ജനറല്‍ സെക്രട്ടറി ലാമ്പി റാഫേല്‍, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, മണ്ഡലം കമ്മിറ്റിയംഗം ലീനാ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.