യഥാര്‍ഥ വായനയിലേക്കും തിരിച്ചറിവുകളിലേക്കും യുവജനങ്ങളെ കൊണ്ടുവരാന്‍ ലൈബ്രറികള്‍ ഉപയോഗിക്കണം: ഡോ. ആര്. ബിന്ദു
കാട്ടൂര്‍: യഥാര്‍ഥ വായനയിലേക്കും തിരിച്ചറിവുകളിലേക്കും യുവജനങ്ങളെ കൊണ്ടുവരാന്‍ ലൈബ്രറികള്‍ ഉപയോഗിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കാട്ടൂരിലെ പിഎംഅലി സ്മാരക ലൈബ്രറിയിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 50,000 രൂപയുടെ പുസ്തകങ്ങള്‍ വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
സമാന്തര വിദ്യാഭ്യാസ ശാലകളാണ് ലൈബ്രറികള്‍. വായനയുടെ സംസ്കാരം വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കണം. വായനയിലൂടെയാണ് സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സമൂഹം രൂപീകരിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.കെ. ബാലന് ഹാളില്‍ നടന്ന ചടങ്ങില്‍ പിഎംഅലി സ്മാരക ലൈബ്രറി പ്രസിഡന്റ് എന്‍.ബി. പവിത്രന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, സാംസ്കാരിക പ്രവര്ത്തകന് വിജീഷ് വിവേകാനന്ദന്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ ഭായ്, ഗ്രന്ഥശാല സംഘം കാട്ടൂര്‍ മേഖലാ ചെയര്മാന് മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.