നിറഞ്ഞ സദസില്‍ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവര്‍ന്ന് നളിനകാന്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയില്‍ മനം കവര്‍ന്ന് നളിനകാന്തി. ടി. പത്മനാഭന്റെ സര്‍ഗ്ഗാത്മകജീവിതവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ചിത്രം ഒരുക്കിയ സംവിധായകനും എഴുത്തുകാരനുമായ സുസ്മേഷ് ചന്ദ്രോത്തിനെ കവി സെബാസ്റ്റ്യന്‍ പ്രദര്‍ശനാനന്തരം ആദരിച്ചു. തുടര്‍ന്ന് പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ പനോരമ ചിത്രം ഡോ. ബിജുവിന്റെ അദ്യശ്യജാലകങ്ങളും ശ്രദ്ധ നേടി. ഡോ. ബിജുവിനെ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് ആദരിച്ചു. സംവിധായകന് സജീവന് അന്തിക്കാട് ചടങ്ങില്‍ പങ്കെടുത്തു. രാവിലെ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷനായി. രാധാക്യഷ്ണന് വെട്ടത്ത് എഴുതിയ കാഴ്ചയുടെ ഋതുഭാവങ്ങള് ചെയര്‍പേഴ്സണ്‍ പ്രകാശനം ചെയ്തു. ആദാമിന്റെ വാരിയെല്ലിന്റെ നിര്‍മ്മാതാവും എടത്തിരുത്തി സ്വദേശിയുമായ വിന്‍സെന്റ് ചിറ്റിലപ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. ഐഎഫ്എഫ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചെറിയാന് ജോസഫ്, സംവിധായകന് സുസ്മേഷ് ചന്ദ്രോത്ത്, കവി സെബാസ്റ്റ്യന്‍, ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, കമ്മിറ്റി അംഗങ്ങളായ എം.എസ്. ദാസന്, രാജീവ് മുല്ലപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് മാസ് മൂവീസില്‍ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത മാവോയിസ്റ്റ്, 12ന് പ്രശാന്ത് മുരളി പത്മനാഭന് സംവിധാനം ചെയ്ത ബട്ടര്ഫ്ലൈഗേള് 85, വൈകീട്ട് 6ന് ഓര്‍മ്മ ഹാളില്‍ ഇംഗ്ലീഷ് ചിത്രം ആള് ഓഫ് അസ് സ്ട്രേഞ്ചേഴ്സ് എന്നിവ പ്രദര്‍ശിപ്പിക്കും.