മൂര്‍ക്കനാട് ശിവക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേര് കൂടി അറസ്റ്റില്‍
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ശിവക്ഷേത്രോത്സവത്തിന്റെ ആറാട്ടിനിടെ ഉണ്ടായ കത്തിക്കുത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേര് കൂടി അറസ്റ്റില്‍. മൂര്‍ക്കനാട് തച്ചിലേത്ത് വീട്ടില്‍ മനു (20), കരുവന്നൂര്‍ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടില്‍ മുഹമ്മദ് റിഹാന് (20), വൈപ്പിന്‍കാട്ടില്‍ റിസ്വാന് (20), മൂര്‍ക്കനാട് കറത്തുപറമ്പില്‍ ശരണ്‍ (35) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി അടക്കം ആറുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കത്തിക്കുത്തില്‍ തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) യും ചികിത്സയിലായിരുന്ന ആനന്ദപുരം പൊന്നയത്ത് സന്തോഷുമാണ് (40) മരണമടഞ്ഞത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.