ഇരിങ്ങാലക്കുട ആസ്ഥാനമായി റൂറല്‍ ആര്‍ടിഒ ഓഫീസ്: നീളുന്ന തീരുമാനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആസ്ഥാനമായി റൂറല്‍ ആര്‍ടിഒ ഓഫീസ് തുടങ്ങണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു. കൊടുങ്ങല്ലൂര്‍, ചാലക്കുടി ജോയിന്റ് ആര്‍ടിഒ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് റൂറല്‍ ആര്‍ടിഒ ഓഫീസായി ഉയര്‍ത്തണമെന്ന ആവശ്യം. ആര്‍ടി ഓഫീസില്‍നിന്ന് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും തീരുമാനം വൈകുകയാണ്. ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന് ഓഫീസും റൂറല്‍ പോലീസ് ഓഫീസും വന്നിട്ടും ഇക്കാര്യത്തില്‍ നീക്കമായില്ല. റൂറല്‍ ആര്‍ടിഒ ഓഫീസ് വന്നാല്‍ ഇപ്പോള്‍ ജില്ലാ ആര്‍ടിഒ ഓഫീസിലുള്ള ജോലിഭാരം പകുതിയിലേറെയായി കുറയ്ക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ അതിരപ്പിള്ളിയിലും അഴീക്കോടുമുള്ള വാഹന ഉടമകള്‍ പോലും പെര്‍മിറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി തൃശൂര്‍ ആര്‍ടിഒ ഓഫീസില്‍ പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇത് സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കുന്നുണ്ടെന്ന് വാഹന ഉടമകള്‍ പറയുന്നു. മാത്രമല്ല, ചാലക്കുടി, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സര്‍വീസുകളും ഇരിങ്ങാലക്കുടയില്നിന്നുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. റൂട്ടിലെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മറ്റും പെട്ടെന്ന് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും റൂറല്‍ ഓഫീസ് വന്നാല്‍ കഴിയുമെന്ന് ബസുടമകള്‍ പറഞ്ഞു. ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ ഓഫീസ് റൂറല്‍ ഓഫീസാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഓഫീസ് വന്നാല്‍ വാഹന ഉടമകളുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്ന് അസോസിയേഷന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.